റോഡിൽ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും റോഡ് സുരക്ഷയെ കുറിച്ചും വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാൻ ജില്ലയിലെ ആദ്യത്തെ ട്രാഫിക് പാർക്ക് മാനന്തവാടി വൊക്കെഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒരുങ്ങി. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് അനുവദിച്ച 33 ലക്ഷം രൂപ ഉപയോഗിച്ചാണ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ട്രാഫിക് പാർക്ക് സജ്ജമാക്കിയത്. കെൽട്രോണിന്റെ നേതൃത്വത്തിലാണ് നിർമ്മാണം.
സംസ്ഥാനത്ത് കണ്ണൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് സർക്കാർ ട്രാഫിക് പാർക്ക് അനുവദിച്ചിരിക്കുന്നത്. ട്രാഫിക് സിഗ്‌നലുകൾ, ദിശ സുചക ബോർഡുകൾ, മുന്നറിയിപ്പ് ബോർഡുകൾ, വളവുകൾ, സ്‌കൂൾ പരിസരം, ഹമ്പുകൾ തുടങ്ങി വാഹനയാത്രക്കാർക്ക് ആവശ്യമായി വരുന്ന എല്ലാ ബോർഡുകളും പാർക്കിൽ സ്ഥാപിക്കും. ബോധവത്ക്കരണ ക്ലാസുകൾക്കായുള്ള മുറിയിൽ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കും. കൂടാതെ പാർക്കിനോട് ചേർന്നുള്ള സ്‌കൂളിന്റെ മതിലിൽ ട്രാഫിക് നിയമ സന്ദേശങ്ങൾ നൽകുന്നതിനുള്ള കാർട്ടൂണുകളും വരയ്ക്കും. പാർക്കിലെ പുല്ല്തകിടിയിൽ മൃഗങ്ങളുടെ ശില്പങ്ങളും നിർമ്മിക്കുന്നുണ്ട്. പാർക്ക് യഥാർത്ഥ്യമാകുന്നതൊടെ ട്രാഫിക് നിയമ ബോധവത്ക്കരണത്തിനും കരുത്താകും.