കേണിച്ചിറ പൊലീസ് സ്‌റ്റേഷൻ പരിസരത്ത് പുതുതായി പണികഴിപ്പിച്ച എട്ടു ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്‌സുകളുടെ ഉദ്ഘാടനം ഫെബ്രുവരി 17ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ചാണ് പരിപാടി. ഐ.സി ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. സി.കെ ശശീന്ദ്രൻ എംഎൽഎ, ഒ.ആർ കേളു എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യൻ, ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി, മാനന്തവാടി എഎസ്പി വൈഭവ് സക്‌സേന, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
രണ്ട് റൂം, ഹാൾ, അടുക്കള അടങ്ങുന്ന ഫാമിലി ക്വാട്ടേഴ്‌സാണ് കേണിച്ചിറ പോലീസ് സ്‌റ്റേഷനു പിറകിലായി പണികഴിപ്പിച്ചത്. കേരള പൊലീസ് ഹൗസിങ് കോർപ്പറേഷൻ 97 ലക്ഷം രൂപ ചെലവിലാണ് ക്വാട്ടേഴ്‌സ് യാഥാർത്ഥ്യമാക്കിയത്.