ആലപ്പുഴ: പ്രളയം വലച്ച ആലപ്പുഴയ്ക്ക് കുടിവെള്ള പ്യൂരിഫയറുകളുമായി അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജ്യൂവിഷ് സംഘടനയായ കഡേന. ജില്ല കളക്ടർ എസ്.സുഹാസിന്റെ ആലപ്പി വാട്ടർ ചലഞ്ച് പദ്ധതിയുമായി സഹകരിച്ചാണ് കഡേന പ്യൂരിഫയറുകളെത്തിച്ചത്. പ്രളയ ബാധിത പ്രദേശങ്ങളായ ഹരിപ്പാട്, മാരാരിക്കുളം ഭാഗങ്ങളിലെ അങ്കണവാടികൾക്കാണ് 150 വാട്ടർടാങ്കുകൾ നൽകിയത്. ഒരു വാട്ടർ ടാങ്കിൽ 2 ഫിൽട്ടറുകളാണുള്ളത്. ഒരു ദിവസം 800 ലിറ്റർ വെള്ളം വരെ ഈ ടാങ്കുകളുപയോഗിച്ച് ശുദ്ധീകരിക്കാം. ദൃശ്യമായ എല്ലാ മാലിന്യവും നീക്കം ചെയ്തുവരുന്ന പ്രവർത്തന രീതിയാണ് വാട്ടർ ടാങ്കുകൾക്കുള്ളത്. പ്രളയാനന്തരം കുടിവെള്ള ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ ആശ്വാസമാണ് ജില്ലാ കളക്ടറുടെ ആലപ്പി വാട്ടർ ചലഞ്ച്. പ്രളയാനന്തരം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 1050 ആർ.ഒ പ്ലാന്റുകൾ സ്ഥാപിച്ചതായി കളക്ടർ അറിയിച്ചു. ഇനിയും ജലശുദ്ധീകരണ സംവിധാനം ലഭിക്കാത്ത അങ്കണവാടികൾ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകാനും കളക്ടർ അറിയിച്ചു. കഡേന സ്ഥാപകൻ ഫെർണാടോ മിത്രാണി, സി.ഇ.ഒ ബെഞ്ചമിൻ ലാനിയോഡോ, മരിയം കൂപ്പർമാൻ, എറിക് ഗ്ലാൻസ് എന്നിവർ പങ്കെടുത്തു.