മൂവാറ്റുപുഴ:സംസ്ഥാനത്ത് വീടുംസ്ഥലവുമില്ലാത്തവര്‍ക്ക് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടായിരം ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആവോലി മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരോ സ്വകാര്യ വ്യക്തികളോ സൗജന്യമായി നല്‍കുന്ന ഭൂമിയിലായിരിക്കും ഇത്തരത്തില്‍ സൗജന്യ ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി 2000 വീടുകളാണ് സഹകരണ വകുപ്പ് പുനര്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ 200 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇതിന്റെ താക്കോല്‍ ദാനം 26 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ബാക്കി 1800 വീടുകളുടെ നിര്‍മ്മാണം ഏപ്രിലിന് മുന്‍പ് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സഹകരണ മേഖലയുടെ പ്രവര്‍ത്തനം ഇതര സംസ്ഥാനങ്ങള്‍ക്കു പോലും അല്‍ഭുതമാണ്. ജനങ്ങളുടെ പിന്തുണയാണിതിന് കാരണം. നോട്ടു നിരോധനം വഴി ഈ മേഖലയെ തകര്‍ക്കാനുള്ള നീക്കം പരാജയപ്പെട്ടത് കേരളീയ സമൂഹം ഒറ്റക്കെട്ടായി ചെറുത്തതു കൊണ്ടാണ്. അഴിമതി രഹിത സഹകരണ പ്രസ്ഥാന മണ് സര്‍ക്കാരിന്റെ ലക്ഷ്യം. അഴിമതിയും കെടുകാര്യസ്ഥതയും മൂലം തകര്‍ന്നിരുന്ന കണ്‍സ്യൂമര്‍ ഫെഡ് അടക്കമുള്ള പല സഹകരണ സ്ഥാപനങ്ങളും സര്‍ക്കാരിന്റെ ഈ നയം മൂലം ഇപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണ്. കേരള ബാങ്കിന്റെ വരവില്‍ രാഷ്ട്രീയം കലര്‍ത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നത് വേദനാജനകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് കെ.ഇ.മജീദ് സ്വാഗതം പറഞ്ഞു. ആവോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി.എന്‍.വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം.ഹാരിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബല്‍ക്കീസ് റഷീദ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് അയ്യൂബ്ഖാന്‍, മെമ്പര്‍മാരായ സുഹറ സിദ്ദീഖ്, എം.കെ.അജി, മോളി ജയിംസ്, ആനിക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.കെ.ഉമ്മര്‍, വൈസ്പ്രസിഡന്റ് എം.എം.മുഹമ്മദ്കുഞ്ഞ്, സംഘം ഹോണററി സെക്രട്ടറി കുരുവിള മാങ്കൂട്ടം എന്നിവര്‍ സംസാരിച്ചു.