കൊച്ചി: സംസ്ഥാന സർക്കാർ ആയിരം ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ ആതുരസേവന രംഗത്ത് വിപ്ലവകരമായ വികസന പ്രവർത്തനങ്ങൾക്ക് സാക്ഷിയാകുകയാണ് എറണാകുളം ജില്ല. വകുപ്പിന്റെ സേവനങ്ങൾ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി മേഖലയിൽ സമഗ്രമായ മാറ്റങ്ങളാണ് സർക്കാർ നടപ്പിലാക്കിയത്. 153 പുതിയ നിയമനങ്ങളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ചികിത്സാ സമയം ദീർഘിപ്പിച്ചും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി കൂടുതൽ സൗകര്യങ്ങൾ നൽകിയും വികസന പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പ് മുന്നേറുകയാണ്.
ആർദ്രം പദ്ധതിക്ക് കീഴിൽ 33 മെഡിക്കൽ ഓഫീസർമാർ, 44 സ്റ്റാഫ് നഴ്സുമാർ, 14 ഫാർമസിസ്റ്റ്മാർ ഉൾപ്പെടെ 153 പുതിയ തസ്തികകളാണ് ജില്ലയിൽ സൃഷ്ടിച്ചത്. 14 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഇതിനകം ജില്ലയിൽ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു. പുതിയതായി 40 കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ 14 എണ്ണത്തിന് ഭരണാനുമതി ലഭിച്ചു കഴിഞ്ഞു.
ക്യാൻസർ ചികിത്സ രംഗത്ത് നൂതനമായ ലീനിയർ ആക്സിലറേറ്റർ സംവിധാനം എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. മൂവ്വാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഫാർമസി, എക്സറെ, എൻ.ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ എന്നിവ നവീകരിക്കുകയും ലഹരി വിമുക്ത കേന്ദ്രം ആരംഭിക്കുകയും ചെയ്തു.സി.എച്ച്.സി മുളന്തുരുത്തിയിൽ ഫിസിയോ തെറാപ്പി യൂണിറ്റും, ഡെൻറൽ യൂണിറ്റും ആരംഭിച്ചു. അങ്കമാലി ബ്ലോക്കിന് കീഴിൽ വരുന്ന അയ്യംപുഴ പി.എച്ച്.സി യിൽ നവീകരണത്തിന്റെ ഭാഗമായി ഫാർമസി എയർ കണ്ടീഷൻ ചെയ്യുകയും പുതിയ ആംബുലൻസ് വാങ്ങുകയും ചെയ്തു. വേങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐ.പി വാർഡ് പുതിയതായി ആരംഭിക്കുകയും കൂടാതെ വടവുകോട് സാമുഹികാരോഗ്യ കേന്ദ്രത്തിൽ പുതിയ ഒ.പി. ബിൽഡിംഗ് നിർമ്മിച്ചു. മൂവ്വാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്, അങ്കമാലി താലൂക്ക് ആശുപത്രിലെ മാതൃ ശിശു സൗഹൃദ വാർഡ് എന്നിവ പ്രവർത്തനം ആരംഭിച്ചു.
ജില്ലയിൽ റീജിയണൽ വാക്സിൻ സ്‌റ്റോർ, എറണാകുളം ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക് , കാൻസർ ബ്ലോക്ക് , പാലിയേറ്റീവ് കെയർ യൂണറ്റിനുള്ള നിർമാണ പ്രവർത്തനങ്ങൾ ,മറ്റ് ആശുപത്രി നവീകരണ പ്രവർത്തനങ്ങളും നടന്നുവരുന്നു. നോർത്ത്പറവൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനുള്ള നിർമാണ പ്രവർത്തനവും നടന്നു വരുന്നു. ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിനായി പുതിയ ബിൽഡിങ്, തൃപ്പുണിത്തുറ താലൂക്ക് ആശുപത്രി, മഴുവന്നൂർ കുടുംബാരോഗ്യ കേന്ദ്രം, കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും കെട്ടിടനിര്മാണ പ്രവർത്തനങ്ങൾ എന്നിവ പുരോഗമിക്കുന്നു.
മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും, കുട്ടികളുടെയും ആശുപത്രിയിൽ സീവെജ് ട്രീറ്റ്മെന്റ് പ്ലാൻറ് നിർമ്മാണം നടക്കുകയാണ്. കോതമംഗലം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി രോഗീസൗഹൃദ കേന്ദ്രമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച കടുങ്ങല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം, മൂത്തകുന്നം സാമൂഹിക ആരോഗ്യ കേന്ദ്ര൦ എന്നിവിടങ്ങളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കുട്ടമ്പുഴ കുടുംബാരോഗ്യകേന്ദ്രം, അങ്കമാലി താലൂക്ക് ആശുപത്രി , വരാപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രം, മഞ്ഞള്ളൂർ ,ഒക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. 57.95 കോടി രൂപയാണ് എറണാകുളം ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിന്റെ നിർമ്മാണത്തിന് ചെലവഴിക്കുന്നത്. ഇൻകെലിനാണ് നിർമ്മാണ ചുമതല. 14.93 കോടി രൂപയ്യ്ക്ക് നിർമിക്കുന്ന കാൻസർ ബ്ലോക്കിന്റെ നിർമാണപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇത് കൂടാതെ 1.8 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആശുപത്രി നവീകരണ പ്രവർത്തനങ്ങളും നടന്നു വരുന്നു. 80 ലക്ഷം രൂപയുടെ എം എൽ എ ഫണ്ട് ഉപയോഗിച്ച് പ്രത്യേകം പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള നിർമാണ പ്രവർത്തനങ്ങളും നടന്നു വരുന്നു. ക്യാൻസർ ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് 13 കോടി രൂപ ചിലവിൽ ലീനിയർ ആക്സിലറേറ്റർ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. നോർത്ത് പറവൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ 1 കോടി 18 ലക്ഷം രൂപ എം എൽ എ ഫണ്ട് ഉപയോഗിച്ച് പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിക്ക് 50 ലക്ഷം രൂപക്ക് പുതിയ കെട്ടിടവും നിർമാണത്തിലാണ്. മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും, കുട്ടികളുടെയും ആശുപത്രിയിൽ സീവെജ് ട്രീറ്റ്മെന്റ് പ്ലാന്റിന് 74.85 ലക്ഷം രൂപക്ക് നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
