മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ വൈവിധ്യമാർന്ന പരിപാടികൾ നടക്കും. ഇതോടനുബന്ധിച്ച് ഈ മാസം 23 ന് മാറാടി സബ് സ്റ്റേഷൻ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി വൈകിട്ട് 4ന് നാടിന് സമർപ്പിക്കും. ജനറൽ ആശുപത്രിയിലെ ഡി അഡിക്ഷൻ സെൻറർ ഈ മാസം 22 വൈകിട്ട് 3ന് എക്സൈസ് വകുപ്പ് മന്ത്രി റ്റി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ ആദ്യത്തെ ഡി അഡിക്ഷൻ സെന്ററാണിത്. അന്നേ ദിവസം ഉച്ചക്ക് 2.30 ന് കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള വിവിധ ആനുകൂല്യങ്ങളുടെ വർദ്ധനവിന്റെ സംസ്ഥാന തല പ്രഖ്യാപനവും സെമിനാറും മൂവാറ്റുപുഴ ടൗൺ ഹാളിൽ നടക്കും. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും.
ജില്ലയിലെ ആദ്യത്തെ ഓട്ടോമാറ്റിക് ടെസ്റ്റിംഗ് യാർഡ് ഈ മാസം 25 ന് വൈകിട്ട് 3ന് മന്ത്രി എ.കെ. ശശീന്ദ്രൻ ആരക്കുഴയിൽ തുറന്ന് നൽകും.
ഈ മാസം 28 ന് വൈകിട്ട് 4ന് തൃക്കളത്തൂർ പള്ളിച്ചിറങ്ങരയിൽ ജില്ല ബസവേശ്വര സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കർ വി.ശശി നിർവ്വഹിക്കും. അന്നേ ദിവസം വൈകിട്ട് 5ന് പായിപ്ര പള്ളിപ്പടി കൂരിക്കാവ് റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും നടത്തും. വൈകിട്ട് 6ന് പ്രളയാനന്തര മൂവാറ്റുപുഴയുടെ ഭവന പദ്ധതിയുടെ ഭാഗമായി വാഴക്കുളത്ത് നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാന ചടങ്ങും ഡപ്യൂട്ടി സ്പീക്കർ ഉദ്ഘാടനം ചെയ്യും.
പോത്താനിക്കാട് ഗവ: എൽ.പി.സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെയും, ബസ് കൈമാറ്റത്തിന്റെയും ഉദ്ഘാടനം 18 ന് രാവിലെ 10ന് ജോയ്സ് ജോർജ്ജ് എം.പി. നിർവ്വഹിക്കും. പരിപാടികളിൽ എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിക്കും.