പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ സിആർപിഎഫ് ഹവിൽദാർ വി.വി വസന്തകുമാറിന് ജന്മനാട് അഭിവാദ്യങ്ങളോടെ വിട നൽകി. ഭൗതികദേഹവും വഹിച്ച് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെ പുറപ്പെട്ട വാഹനവ്യൂഹം വൈകീട്ട് അഞ്ചരയോടെയാണ് സ്വദേശമായ ലക്കിടിയിലെത്തിയത്. വഴിനീളെ ആയിരങ്ങൾ അന്തിമോപചാരമർപ്പിക്കാൻ കാത്തുനിന്നിരുന്നു. അടിവാരം മുതൽ ചുരം സംരക്ഷണ സമിതി പ്രവർത്തകർ വാഹനവ്യൂഹത്തിന് വഴിയൊരുക്കി. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, എംഎൽഎമാരായ സി.കെ ശശീന്ദ്രൻ, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം കെ. അജീഷ് തുടങ്ങിയവർ ഭൗതികദേഹത്തെ അനുഗമിച്ചു.
ലക്കിടിയിലെ വീട്ടിലേക്കാണ് ആദ്യം ഭൗതികദേഹമെത്തിച്ചത്. തുടർന്ന് 6.40ഓടെ വസന്തകുമാർ ഒന്നുമുതൽ അഞ്ചുവരെ പഠിച്ചിരുന്ന ലക്കിടി ഗവ. എൽപി സ്‌കൂളിൽ പൊതുദർശനത്തിന് കൊണ്ടുവന്നു. മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നേരത്തെ തന്നെ സ്ഥലത്തെത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ അരമണിക്കൂർ പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ ആദരാഞ്ജലികളർപ്പിച്ചു. കണ്ണൂർ ഡിഎസ്സി സെന്ററിൽ നിന്നുള്ള സൈനികരും കേരള പൊലീസും ഗാർഡ് ഓഫ് ഓണർ നൽകി.
സ്‌കൂൾ വിദ്യാർത്ഥികളും സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളുമടക്കം നൂറുകണക്കിനാളുകൾ ഇന്ത്യൻ പട്ടാളത്തിനും വീരചരമം പ്രാപിച്ച ജവാന്മാർക്കും അഭിവാദ്യമർപ്പിച്ച് ലക്കിടിയിലെത്തിയിരുന്നു. പോലിസ് ഉദ്യോഗസ്ഥരും ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി വോളന്റിയർമാരും സന്നദ്ധ പ്രവർത്തകരും തിരക്ക് നിയന്ത്രിക്കാൻ മുന്നിട്ടിറങ്ങി. കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ ശനിയാഴ്ച രാവിലെ തന്നെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഉച്ചയോടെ വീട്ടിലെത്തിയ മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് മുന്നിൽ നിന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
പ്രധാനമന്ത്രിക്ക് വേണ്ടി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, സംസ്ഥാന സർക്കാരിനു വേണ്ടി ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഗവർണർക്കു വേണ്ടി ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം കെ. അജീഷ്, സംസ്ഥാന പൊലീസ് മേധാവിക്കു വേണ്ടി ഐജി ബൽറാം ഉപാധ്യായ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.
എംപിമാരായ എം.കെ രാഘവൻ, എം.പി വീരേന്ദ്രകുമാർ, എംഎൽഎമാരായ ഒ.ആർ കേളു, സി.കെ ശശീന്ദ്രൻ, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, മുൻ മന്ത്രി പി.കെ ജയലക്ഷ്മി, സിആർപിഎഫ് ഡിഐജി എം.ജെ വിജയ്, ബേപ്പൂർ കോസ്റ്റ് ഗാർഡ് കമാൻഡന്റ് ഫ്രാൻസിസ് പോൾ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ പി.എസ് ശ്രീധരൻപിള്ള, പി. ഗഗാറിൻ, എൻ.ഡി അപ്പച്ചൻ, കെ.സി റോസക്കുട്ടി, കെ. സദാനന്ദൻ, പി.പി ആലി, പി.കെ മൂർത്തി, പി.ടി സിദ്ദീഖ്, മുഹമ്മദ് റിയാസ് തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാനെത്തി.
പൊതുദർശനത്തിനു ശേഷം തൃക്കൈപ്പറ്റ വില്ലേജിൽ മുക്കംകുന്നിലെ തറവാട്ടുവളപ്പിൽ സംസ്ഥാന-സൈനിക ബഹുമതികളോടെ ഭൗതികദേഹം സംസ്‌കരിച്ചു. വ്യാഴാഴ്ച വൈകീട്ട് 3.30ഓടെയാണ് ജമ്മു-ശ്രീനഗർ പാതയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണമുണ്ടായത്. ലക്കിടി കുന്നത്തിടവക വില്ലേജിൽ വാഴക്കണ്ടി വീട്ടിൽ പരേതനായ വാസുദേവൻ-ശാന്ത ദമ്പതികളുടെ മകനായ വസന്തകുമാർ 2001ലാണ് സിആർപിഎഫിൽ ചേർന്നത്. ഹവിൽദാറായി സ്ഥാനക്കയറ്റം ലഭിച്ചതിനു ശേഷം ലഭിച്ച അവധി കഴിഞ്ഞ് ഫെബ്രുവരി എട്ടിനാണ് കശ്മീരിലേക്ക് മടങ്ങിയത്. രണ്ടു വർഷം കഴിഞ്ഞ് വിരമിക്കാനിരിക്കുകയായിരുന്നു. ഷീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
