കൊച്ചി: കാരുണ്യത്തിന്റെ തണൽ ഒരുങ്ങി ചേരാം ചേരാനല്ലൂരിനൊപ്പം തണൽ ഭവന പദ്ധതിയിലെ 8, 9 വീടുകളുടെ താക്കോൽ കൈമാറി . താക്കോൽ ദാനം ജ്യോതി ലാബോറട്ടറീസ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എം.പി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. സിനിമ താരങ്ങളായ ഷെയ്ന്‍ നിഗവും നമിത പ്രമോദും ചടങ്ങിൽ വിശിഷ്ടാതിഥികളായി. ചേരാനല്ലൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡിൽ മട്ടുമ്മൽ റോഡിൽ താമസിക്കുന്ന അപര്‍ണക്കും അഞ്ജനക്കും 3-ാം വാര്‍ഡിൽ മംഗലശേരി കോളനിയിലുള്ള വിധവയായ എലിസബത്തിനുമാണ് വീടുകളുടെ താക്കോൽ കൈമാറിയത്.
17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മയും 3 വര്‍ഷം മുന്‍പ് അച്ഛനും ക്യാന്‍സര്‍ രോഗം മൂലം മരണമടഞ്ഞതിനെ തുടര്‍ന്ന് സഹോദരിമാരായ അപര്‍ണയും അഞ്ജനയും തനിച്ചായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. പ്രളയം ഇവരുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു. കിടപ്പാടം താമസയോഗ്യമല്ലാത്ത അവസ്ഥയിലാക്കി. പ്രളയത്തിന് ശേഷം ഇവര്‍ക്ക് വീട്ടിൽ താമസിക്കാന്‍ സാധിച്ചിട്ടില്ല. അവസ്ഥകള്‍ മനസിലാക്കി ഈ വീട് ഉടന്‍ പുനര്‍ നിര്‍മ്മിച്ച് നൽകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതെന്ന് ഹൈബി ഈഡന്‍ എം.എൽ .എ പറഞ്ഞു. പ്രളയ പുനര്‍നിര്‍മ്മാണം എന്നതിനപ്പുറം ഈ കാലഘട്ടത്തിൽ രണ്ട് പെണ്‍കുട്ടികളൂടെ സുരക്ഷിതത്വം ജേഷ്ഠ സഹോദരന്‍ എന്ന
ഒരു ഉറപ്പ് വരുത്താന്‍ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇവർക്ക് ഓള്‍ ഇന്‍ഡ്യ പ്രൊഫഷണൽ കോണ്‍ഗ്രസിന്‍റെ വകയായി എം.എൽ.എയുടെ നിര്‍ദ്ദേശപ്രകാരം ഗൃഹോപകരണങ്ങളും വാങ്ങി നൽകി.
പഞ്ചായത്തിലെ 3-ാം വാര്‍ഡിൽ മംഗലശേരി കോളനിയിലുള്ള വിധവയായ എലിസബത്തിനാണ് ഒന്‍പതാമത്തെ വീട് കൈമാറിയത്. എലിസബത്തും മകളും കുട്ടികളും മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ചുരുങ്ങിയ ദിവസം കൊണ്ടാണ് 500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകള്‍ നിര്‍മ്മിച്ച് നൽകിയത്. രണ്ട് കിടപ്പ് മുറികളും അടുക്കളയും സ്വീകരണ മുറിയും ശുചിമുറിയുമാണ് വീടുകള്‍ക്കുള്ളത്.
ജ്യോതി ലബോറട്ടറീസ് ലിമിറ്റഡ് ആണ് രണ്ട് വീടുകളുടെയും സ്പോണ്‍സര്‍. ഇതു വരെ 27 വീടുകളുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. അതിൽ 9 വീടുകളുടെ പണി പൂര്‍ത്തീകരിച്ച് താക്കോൽ കൈമാറി. ഹൈബി ഈഡന്‍ എം.എൽ .എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജ്യോതി ലബോറട്ടറീസ് ജോയിന്‍റ് എം.ഡി ഉല്ലാസ് കമ്മത്ത്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍ ആന്‍റണി, ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സോണി ചീക്കു, വൈസ് പ്രസിഡന്‍റ് സി.കെ രാജു, മെമ്പര്‍മാരായ സംഗീത കെ.ടി, ആരിഫ മുഹമ്മദ്, എ.ഐ.പി.സി ഭാരവാഹികളായ സുധീര്‍ മോഹന്‍, എൽദോ ചിരക്കച്ചാലിൽ തുടങ്ങിയവര്‍ പങ്കെടുത്തു.