കൊച്ചി: പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി ലഭിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി ഇ-ഗവേണൻസ് രംഗം പുരോഗതിയുടെ പാതയിൽ. ഇതിൻറെ ഭാഗമായി ഇ-ഓഫീസ്, ഇ- ജാഗ്രത, സൗജന്യ ഇൻറർനെറ്റ് പദ്ധതി, റീ ബിൽഡ് എറണാകുളം എന്നിവ നടപ്പിലാക്കി വരുന്നു.

ജില്ലാ കളക്ടറേറ്റ് സബ് ജില്ലാ കളക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽ ഈ ഓഫീസ് സംവിധാനം നടപ്പിലാക്കിക്കഴിഞ്ഞു. ഫയലുകൾ ഓൺലൈൻ സംവിധാനത്തിലൂടെ കൈമാറി കാലതാമസമില്ലാതെ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഇ- ഓഫീസ് സംവിധാനം വഴി സാധ്യമാകുന്നു.

വിവിധ സർക്കാർ സേവനങ്ങൾക്കായി ഓൺലൈൻ സഹായം തേടുന്നവർക്ക് പൊതുസ്ഥലങ്ങളിൽ സൗജന്യ ഇൻറർനെറ്റ് സംവിധാനം നടപ്പിലാക്കി വരികയാണ്. സർക്കാർ ഓഫീസുകൾ, കോടതികൾ, ബസ്റ്റാൻഡ്, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിങ്ങനെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് സൗജന്യ വൈഫൈ സംവിധാനം നടപ്പിലാക്കുക. ജില്ലയിൽ 161 ഇടങ്ങളിലാണ് സൗജന്യ വൈഫൈ സംവിധാനം ഒരുക്കിയിരിക്കുന്നത് ഏറ്റവും കൂടുതൽ വൈ ഫൈ ഹോട്ട്സ്പോട്ടുകൾ ഉള്ള ജില്ലയും എറണാകുളം തന്നെയാണ്. പദ്ധതി നടത്തിപ്പിന് രണ്ടാംഘട്ടത്തിൽ 33 ഇടങ്ങളിൽ വൈഫൈ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ 20 സ്ഥലങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്താകെ 2000 പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ സംവിധാനം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. സംസ്ഥാനത്തെ ജില്ലകളെ മൂന്ന് മേഖലകളായി തരം തിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുജനങ്ങൾക്ക് ദിവസേന 300എംബി സൗജന്യ ഇൻറർനെറ്റ് ലഭ്യമാകും. വിവിധ സർക്കാർ വെബ് സൈറ്റുകൾ, ആപ്ലിക്കേഷനുകൾ എന്നിവ സൗജന്യ വൈഫൈ വഴി പരിധിയില്ലാതെ ലഭിക്കും. കൂടാതെ വിനോദ സഞ്ചാരികൾക്കു അറിയേണ്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ടിക്കറ്റ് ബുക്കിംഗ്, ഹോട്ടൽ സംബന്ധമായ വിവരങ്ങൾ എന്നിവയും സൗജന്യ വൈഫൈ സംവിധാനം വഴി ലഭ്യമാണ്.

സൈബര്‍ ലോകത്തിന്റെ അനന്തസാധ്യതകളെയും ഒപ്പം വെല്ലുവിളികളെയും കുറിച്ച് കുട്ടികളില്‍ അവബോധമുണര്‍ത്താന്‍ എറണാകുളം ജില്ലാ ഭരണകൂടമാരംഭിച്ച പദ്ധതിയാണ് ഇ-ജാഗ്രത. മൂന്ന് ഘട്ടങ്ങളിലായി 70000ത്തിലധികം കുട്ടികളില്‍ ഇന്റെര്‍നെറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവബോധം വളര്‍ത്തിയ ഈ സംരംഭം അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുകയും ചെയ്യുന്നു.

സൈബര്‍ സുരക്ഷിത എറണാകുളം എന്ന ആശയത്തിലൂന്നിയ പദ്ധതിയില്‍ സൈബര്‍ വിവരങ്ങളുടെ സുരക്ഷിത ഉപയോഗവും, സ്വകാര്യതയുടെ പ്രാധാന്യവും, സൈബര്‍ നിയമങ്ങളും, അവകാശങ്ങളും, സൈബര്‍ മേഖലയിലെ തൊഴില്‍ സാധ്യതകളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നു. കൂടുതല്‍ കുട്ടികളിലേക്കും സമൂഹത്തിലേക്കും ഇന്റെര്‍നെറ്റ് അവബോധം വളര്‍ത്തുന്നതിനായി ഓരോ വിദ്യാലയങ്ങളില്‍ നിന്നും രണ്ട് പ്രധാന പരിശീലകരെ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്നു. വിദ്യാലത്തിലെ ഒരു വിദ്യാര്‍ത്ഥിയും അദ്ധ്യാപകരില്‍ ഒരാളുമടങ്ങുന്നതാണ് ഈ പ്രധാന പരിശീലകര്‍. ഇവര്‍ അവരുടെ വിദ്യാലയങ്ങളില്‍ ടി.സി.എസ് സൈബര്‍ വിദഗ്ദ്ധരുടെ സാന്നിധ്യത്തില്‍ ക്ലാസ്സുകള്‍ നയിക്കും.

വിജയകരമായ മൂന്ന് ഘട്ടങ്ങൾ പൂർത്തിയാക്കിയ പദ്ധതിയുടെ നാലാം ഘട്ടത്തില്‍ 101 സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ 12577 കുട്ടികളിലേക്ക് എത്തുവാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

ഇതിനോടകം നിരവധി പുരസ്കാരങ്ങളാണ് പദ്ധതിയെ തേടി എത്തിയത്. 2017 അന്താരാഷ്ട്ര വിദ്യാഭാസ ഉച്ചകോടി അവാര്‍ഡ്, 2018ല്‍ അജ്മീറില്‍ നടന്ന സ്മാര്‍ട്ട് സിറ്റി കോണ്‍ഫ്രന്‍സില്‍ ഐ.ടി മേഖലയിലെ നൂതന ആശയത്തിനുളള പുരസ്‌കാരവും 2018 സ്‌കോച്ച് ഇന്റര്‍നാഷണല്‍ അവാര്‍ഡും പദ്ധതിയെ തേടിയെത്തി.

റോഡ് , പാലം തുടങ്ങിയവയുടെ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച വിവരങ്ങൾ കമ്പ്യൂട്ടറൈസ്ഡ് ചെയ്തത് ഇ-ഗവേണൻസ് രംഗത്തെ മറ്റൊരു നേട്ടമാണ്. LACMAS( ലാൻഡ് അക്വിസിഷൻ മോണിറ്ററിങ്ങ് സിസ്റ്റം) എന്ന സോഫ്റ്റ്‌വെയർ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഭൂമി ഏറ്റെടുത്ത് നടത്തുന്ന പ്രോജക്ടുകൾ ഏതൊക്കെ ,ഏറ്റെടുത്ത ഭൂമിയുടെ അളവ്, എവിടെയൊക്കെയാണ് ഭൂമി ഏറ്റെടുത്തത് തുടങ്ങിയ വിവരങ്ങൾ ഈ സംവിധാനത്തിലൂടെ കമ്പ്യൂട്ടറൈസ്ഡ് ചെയ്തിട്ടുണ്ട്. റവന്യൂ വകുപ്പിന് കീഴിൽ നടക്കുന്ന പ്രോജക്ടുകളുടെ വിവരങ്ങൾ ഈ സംവിധാനം വഴി കേരള ചീഫ് സെക്രട്ടറിയുടെ ഓഫീസിന് ലഭ്യമാകും. ഏതെങ്കിലും പ്രോജക്ടുകൾ കൂടുതൽ കാര്യക്ഷമമായി പൂർത്തീകരിക്കേണ്ടതുണ്ടെങ്കിലോ , പെട്ടെന്ന് തീർക്കേണ്ടത് ഉണ്ടെങ്കിലോ നിർദേശങ്ങൾ നൽകാനും പുരോഗതി വിലയിരുത്താനുമുള്ള സംവിധാനവും ഈ സോഫ്റ്റ്‌വെയറിൽ ഉണ്ട്.

ജില്ലയിൽ പ്രളയക്കെടുതിയിൽ അകപ്പെട്ടവരുടെ വിവരങ്ങൾ സൂക്ഷിക്കുന്ന സോഫ്റ്റ്‌വെയറാണ് റീബിൽഡ് എറണാകുളം. പ്രളയത്തിൽ വീട് ഭാഗികമായോ പൂർണമായോ നശിച്ചവരുടെ വിവരങ്ങൾ, അവർക്ക് ലഭിച്ച ധനസഹായം ,വീട് നിർമാണം സംബന്ധിച്ച വിവരങ്ങൾ എന്നിവ കമ്പ്യൂട്ടറൈസ്ഡ് ചെയ്തു സൂക്ഷിക്കുന്നു. കൂടാതെ പിഎസ്സി ,എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് , മൃഗസംരക്ഷണവകുപ്പ് എന്നിവിടങ്ങളിൽ ഫയൽ നീക്കം ചെയ്യുന്നതിനുള്ള സംവിധാനവും ഓൺലൈൻ ആക്കിയിട്ടുണ്ട്.