പോലിസ് ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ സേവകരായി പ്രവര്‍ത്തിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കേണിച്ചിറ പോലിസ് സ്‌റ്റേഷനോടനുബന്ധിച്ച് നിര്‍മിച്ച ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലിസിന്റെ സേവനം വൈവിധ്യവല്‍ക്കരിക്കുന്നതിനൊപ്പം പോലിസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പുവരുത്തുകയെന്നതു സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. പോലിസ് ഉദ്യോഗസ്ഥര്‍ നിയമിതരാവുന്ന സ്റ്റേഷനോടനുബന്ധിച്ച് താമസസൗകര്യമുണ്ടാവുന്നത് അവര്‍ക്ക് വലിയ ഉത്തേജനമാവും. കുടുംബത്തെ കണ്ടുകൊണ്ടു ജോലി ചെയ്യാമെന്നതും പ്രശ്‌നങ്ങളില്‍ അപ്പോള്‍ തന്നെ ഇടപെടാമെന്നതും സൗകര്യമാണ്. ഇതാണ് പോലിസ് സ്‌റ്റേഷനുകളോടനുബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് താമസസൗകര്യമൊരുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനം. ഇതിന്റെ ഭാഗമായാണ് കേണിച്ചിറയിലടക്കം പോലിസുകാര്‍ക്ക് ക്വാര്‍ട്ടേഴ്‌സുകള്‍ ഒരുങ്ങിയത്. ജനാധിപത്യ സംസ്‌കാരത്തില്‍ പോലിസ് സംവിധാനത്തിന് ഏറെ പ്രവര്‍ത്തിക്കാനുണ്ട്. നീതിനിര്‍വഹണത്തില്‍ ജനപക്ഷത്ത് നില്‍ക്കാന്‍ പോലിസിന് കഴിയണമെന്നതാണ് സര്‍ക്കാര്‍ മനയം. ഇതോടൊപ്പം ജാഗ്രതയോടെ പരമാവധി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണം. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കുകയെന്നതാണ് ഏറ്റവും പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
രുഗ്മിണി സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സാബു, സ്ഥിരംസമിതി അംഗം ജോര്‍ജ് പുല്‍പാറ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ബി ശിവന്‍, വാര്‍ഡ് അംഗം ലതാ മുകുന്ദന്‍, അഡീഷല്‍ പോലിസ് സൂപ്രണ്ട് കെ കെ മൊയ്തീന്‍കുട്ടി, ഡിസിആര്‍ബി ഡിവൈഎസ്പി കെ എം ദേവസ്യ, കേരള പോലിസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. 
രണ്ടു ബെഡ്‌റൂം, ഹാള്‍, അടുക്കള, ബാത്ത് റൂം അടങ്ങുന്ന ഫാമിലി ക്വാര്‍ട്ടേഴ്സാണ് കേണിച്ചിറ പോലിസ് സ്റ്റേഷനു പിറകിലായി പണികഴിപ്പിച്ചത്. കേരള പോലിസ് ഹൗസിങ് കോര്‍പറേഷനായിരുന്നു നിര്‍മാണച്ചുമതല. ഫ്‌ളാറ്റ് മാതൃകയില്‍ നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സിന് 97 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു.