സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ വയനാട് ആദിവാസി സാക്ഷരതാ പദ്ധതി രണ്ടാംഘട്ട ക്ലാസ് ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലയിലെ  തിരഞ്ഞെടുക്കപ്പെട്ട 200 കോളനികളില്‍ സര്‍വേയിലൂടെ കണ്ടെത്തിയ നിരക്ഷരരായ ആദിവാസികളെ സാക്ഷരരാക്കുന്നതാണ് പദ്ധതി. പഠനസാഹചര്യം അനുകൂലമല്ലാത്തവരാണ് ആദിവാസികളെന്നും ആദിവാസി സാക്ഷരത വ്യാപിപ്പിക്കുന്നതിലൂടെ വയനാടിന്റെ യശ്ശസ് ഉയര്‍ത്താന്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല പദ്ധതി വിശദീകരണം നടത്തി. രക്ഷിതാക്കള്‍ക്കു വിദ്യാഭ്യാസമില്ലാത്തതാണ് ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിനു പ്രധാന കാരണമെന്നും അതുകൊണ്ട് ഊരുകളില്‍ സാക്ഷരത അനിവാര്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. കല്‍പ്പറ്റ നഗരസഭ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ബാബു, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ നിര്‍മല, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ സ്വയ നാസര്‍, ജനപ്രതിനിധികള്‍, ഇന്‍സ്ട്രക്ടര്‍മാര്‍, പ്രേരക്മാര്‍, പഠിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.