മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ആയുഷ് വകുപ്പ് എന്നിവയുടെ നേതൃത്തില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പുകളും ഭക്ഷ്യ സുരക്ഷാ കണ്‍ട്രോള്‍ റൂമും ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പ്രായമായവരും കുട്ടികളുമടക്കം പതിനായിരക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും നടത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

13 മെഡിക്കല്‍ ക്യാമ്പുകളും 12 ഹെല്‍ത്ത് സെന്ററുകളുമാണ് ആറ്റുകാലിലും സമീപ സ്ഥലങ്ങളിലുമായി പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നത്. 2 ഡോക്ടര്‍മാര്‍, 2 നഴ്‌സുമാര്‍, 2 പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ ഓരോ ക്യാമ്പിലുമുണ്ടാകും. ഇതുകൂടാതെ ലാബ് സൗകര്യവുമുണ്ടാകും. 20 ആംബുലന്‍സുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്.

ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമും ആറ്റുകാലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്നദാനം നടത്തുന്ന എല്ലാവരുടേയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതുവരെ അന്നദാനത്തിന് 675 സംഘടനകള്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. ഇതുകൂടാതെ സ്‌ക്വാഡുകളും ശക്തമാക്കിയിട്ടുണ്ട്. പൊങ്കാലയ്ക്കാവശ്യമായ സാധനങ്ങള്‍, പാനീയങ്ങള്‍ എന്നിവയും ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളും പരിശോധന നടത്തിവരുന്നു. തിരുവനന്തപുരം ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍, ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍ വിജിലന്‍സ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഭക്ത ജനങ്ങള്‍ക്ക് 1800 425 11 25 എന്ന നമ്പരില്‍ ബന്ധപ്പെട്ട് പരാതികള്‍ അറിയിക്കാവുന്നതാണ്.

അഡീഷണല്‍ ഡി.എം.ഒ. ഡോ. നീന റാണി, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. അരുണ്‍ പി.വി., ഭക്ഷ്യ സുരക്ഷ ജോ. കമ്മീഷണര്‍ മിനി എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.