* പുതുതായി 3.5 ലക്ഷം കാർഡുകൾ അനുവദിച്ചു
സംസ്ഥാനത്ത് റേഷനിംഗ് സമ്പ്രദായം സുതാര്യമാക്കാൻ കഴിഞ്ഞത് ഭരണനേട്ടമാണെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2016 നവംബർ ഒന്നു മുതൽ റേഷൻ കാർഡ് ഉടമകൾക്ക് പുതിയ നിയമപ്രകാരം റേഷൻ വിതരണം ആരംഭിച്ചു.  330 ൽ അധികം വരുന്ന സ്വകാര്യ മൊത്തവിതരണക്കാരെ ഒഴിവാക്കി സർക്കാർ പൊതുമേഖലാ സ്ഥാപനമായ സപ്ലൈകോയെ മൊത്തവിതരണ ഏജൻസിയായി നിയോഗിക്കാൻ കഴിഞ്ഞത് മറ്റൊരു നേട്ടമാണ്.  സർക്കാർ നേരിട്ട് റേഷൻ ധാന്യങ്ങൾ എഫ്.സി.ഐ യിൽ നിന്നുമെടുത്ത് റേഷൻ കടകളിൽ വാതിൽപ്പടി വിതരണം തുടങ്ങി.  റേഷൻ കടകൾക്ക് മാന്യമായ പ്രതിഫല പാക്കേജ് നിശ്ചയിച്ചതിനൊപ്പം കുറഞ്ഞത് 18,000 രൂപ പ്രതിമാസ കമ്മീഷൻ ലഭിക്കുന്ന സാഹചര്യം സൃഷ്ടിച്ചു.  പൊതുജനങ്ങൾക്ക് റേഷൻ സാധനങ്ങൾ കടകളിലെത്തുന്ന വിവരം ടെലഫോൺ മെസേജായി ലഭ്യമാക്കി.  എല്ലാ റേഷൻ കടകളിലും ഇ-പോസ് യന്ത്രങ്ങൾ സ്ഥാപിച്ച് സമ്പൂർണ്ണ കമ്പ്യൂട്ടർവൽക്കരണം പൂർത്തിയാക്കിയതിനൊപ്പം ആധാർ അധിഷ്ഠിതമായ ബയോമെട്രിക് സാങ്കേതിക സംവിധാനം വഴി റേഷൻ വിതരണം സുതാര്യമാക്കാനും സാധിച്ചു.  ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട ഏത് റേഷൻ കടയിൽ നിന്നും അർഹതപ്പെട്ട റേഷൻ വിഹിതം വാങ്ങാൻ സാധിക്കുന്ന പോർട്ടബിലിറ്റി നടപ്പാക്കി. റേഷൻ കടകൾ വഴിയുള്ള ആട്ട വിതരണം മുടങ്ങിപ്പോയിരുന്നത് പുനഃസ്ഥാപിച്ചു. റേഷൻ കാർഡുകൾ ഇല്ലാത്തവർക്ക് പുതിയ അപേക്ഷകൾ നൽകുവാൻ ഓൺലൈൻ സംവിധാനം തയ്യാറായി.  പുതിയതായി 3.5 ലക്ഷം കാർഡുകൾ അനുവദിച്ചു.  റേഷൻ സൗജന്യത്തിന് അർഹതയുള്ള മുൻഗണനാ പട്ടിക ശുദ്ധീകരിച്ചു.   2.86 ലക്ഷം മുൻഗണനാ കാർഡുകൾ അനർഹരാണെന്ന് കണ്ടെത്തി.  ഉദ്ദേശം 15 ലക്ഷം പുതിയ ഗുണഭോക്താക്കളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി. മുൻഗണനാ പട്ടികയിലെ അനർഹരെ കണ്ടെത്തുന്നത് ഒരു തുടർപ്രക്രിയയായി നിശ്ചയിച്ചു.  പൊതുവിതരണ വകുപ്പിൽ ഈ വിഷയം ദിനംപ്രതി അവലോകനം ചെയ്യാൻ പ്രത്യേക സെൽ പ്രവർത്തനം ആരംഭിച്ചു.
സപ്ലൈകോ പുതിയതായി 28 മാവേലി സ്റ്റോറുകൾ, ഏഴ് സൂപ്പർ മാർക്കറ്റുകൾ എന്നിവ ആരംഭിച്ചു.  26 മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകളായും ആറ് എണ്ണം മാവേലി സൂപ്പർ മാർക്കറ്റുകൾ ആയും ഒരെണ്ണം പീപ്പിൾ ബസാർ ആയും രണ്ട് സൂപ്പർ മാർക്കറ്റുകൾ പീപ്പിൾ ബസാറുകളായും ഉയർത്തിയത് ഭരണത്തിന്റെ നേട്ടമായി വിലയിരുത്തപ്പെടണം.
സ്വതന്ത്രാധികാരമുള്ള ഉപഭോക്തൃ ഡയറക്‌ട്രേറ്റ് ആരംഭിക്കാൻ ഉപഭോക്തൃകാര്യ വകുപ്പ് നടപടികൾ ആരംഭിച്ചു.  ഉപഭോക്തൃ ഫോറങ്ങളിലെ ഒഴിവുകൾ നികത്തുന്നതിന് നടപടി തുടങ്ങി. ചിലയിടങ്ങളിൽ നിയമനം നടന്നുകഴിഞ്ഞു.  ഉപഭോക്തൃ അവകാശങ്ങൾ, നിയമനങ്ങൾ എന്നിവയുടെ അവബോധത്തിനായി സർക്കാർ ഉപഭോക്തൃകേരളം എന്ന പേരിൽ ഒരു ദ്വൈമാസിക ആരംഭിച്ചു.  മൾട്ടിലെവൽ മാർക്കറ്റിംഗ് രംഗത്തെ ചൂഷണം അവസാനിപ്പിക്കാൻ കേന്ദ്ര നിർദ്ദേശ പ്രകാരം മാർഗ്ഗരേഖ തയ്യാറാക്കി വിജ്ഞാപനം ചെയ്ത ആദ്യ സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്.
എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് 63 പുതിയ തസ്തികകൾ സൃഷ്ടിച്ചു.  പുതുതായി രൂപീകരിച്ച 14 താലൂക്കുകളിലും ലീഗൽ മെട്രോളജി ഓഫീസുകൾ സ്ഥാപിച്ചു.  നിയമലംഘനങ്ങൾ ചിത്രങ്ങളായോ വീഡിയോ ആയോ സന്ദേശങ്ങളായോ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം തേടുന്നതിന് സുതാര്യം മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചു.  എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം ഏർപ്പെടുത്തി. വകുപ്പിന്റെ വിവിധ സേവനങ്ങൾ ഓൺലൈനാക്കിയതും പൊതുജനങ്ങൾക്ക് വലിയ നേട്ടമായി.
സി.എഫ്.ആർ.ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് ബിസിനസ് മാനേജ്‌മെന്റിൽ എം.ബി.എ കോഴ്‌സ് തുടങ്ങുന്നതിനായി 480 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടനിർമ്മാണം പുരോഗമിച്ചുവരുന്നു.
പ്രളയകാലത്ത് കുട്ടനാട് പോലെയുള്ള പ്രളയ പ്രദേശങ്ങളിൽ ഒഴുകിനടക്കുന്ന റേഷൻകട പദ്ധതി തുടങ്ങിയതും കേന്ദ്ര സർക്കാരിൽ നിന്നും 89,540 മെട്രിക് ടൺ അരിയും 12,000 കി.ലിറ്റർ മണ്ണെണ്ണയും അനുവദിപ്പിച്ചതും പ്രളയം ബാധിച്ച എല്ലാ ജില്ലകളിലും റേഷൻ കാർഡുടമകൾക്ക് അഞ്ച് കിലോ സൗജന്യ അരി മൂന്ന് മാസത്തേക്ക് വിതരണം നടത്തിയതും ജനങ്ങൾക്ക് ആശ്വാസമായി. പ്രളയത്തിനുശേഷം പ്രളയബാധിത കുടുംബങ്ങൾക്ക് 500 രൂപ വിലയുള്ള ഭക്ഷണക്കിറ്റ് നാല് മാസത്തേക്ക് സൗജന്യമായി വിതരണം ചെയ്തു.  പ്രളയത്തിൽ റേഷൻ കാർഡുകൾ നഷ്ടപ്പെട്ടവർക്ക് സൗജന്യമായി പുതിയ കാർഡ് നൽകിയതായും മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 631/19
തുറമുഖ വികസനം സമയബന്ധിതമായി പൂർത്തിയാക്കും: 
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 
* 1000 ദിനാഘോഷം: തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പുകളിൽ വിവിധ പദ്ധതികൾക്ക് തുടക്കമാകും.
സംസ്ഥാന സർക്കാർ ആയിരംദിനം പൂർത്തിയാകുന്നതിന്റെ ഭാഗമായി തുറമുഖ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകൾ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് നാല് മേജർ തുറമുഖങ്ങളും പതിനേഴോളം നോൺ മേജർ തുറമുഖങ്ങളുമാണ് തുറമുഖ വകുപ്പിന് കീഴിലുളളത്. തുറമുഖ വികസനത്തിന് ഗതിവേഗം കൂട്ടാൻ മാരിടൈം ബോർഡ് രൂപീകരിച്ചു – കപ്പൽമാർഗ്ഗം ചരക്ക് ഗതാഗതത്തിനും മറ്റ് ഗതാഗത മാർഗ്ഗങ്ങൾക്കുമുളള അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് നടപടി സ്വീകരിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പി.പി.പി വ്യവസ്ഥയിൽ കരാർ കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്  (VISL)  ആണ് ഇതിന്റെ മേൽനോട്ടം. കരാർ വ്യവസ്ഥ പ്രകാരം 2019 ഡിസംബറിൽ പൂർത്തിയാക്കേണ്ട ഈ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുളള എല്ലാ ശ്രമങ്ങളും സ്വീകരിച്ചുവരുന്നു.
കണ്ണൂരിലെ അഴീക്കൽ തുറമുഖ വികസനത്തിന് ഒരു പ്രത്യേക കമ്പനി- അഴീക്കൽ പോർട്ട് ലിമിറ്റഡ് എന്ന പേരിൽ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ പാരിസ്ഥിതികാഘാത പഠനം തുടങ്ങിയ പ്രാഥമിക പ്രവൃത്തികൾ ഇതിനകം ആരംഭിച്ചു. ആലപ്പുഴയിൽ മുസിരീസുമായി സഹകരിച്ച് ഒരു തുറമുഖ മ്യൂസിയത്തിന്റെ സജ്ജീകരണം പുരോഗിക്കുകയാണ്.
ഹൈഡ്രോഗ്രാഫിക് സർവ്വേ വിംഗ് കൊല്ലത്ത് ആധുനിക രീതിയിൽ സർവ്വേ നടത്തുന്നതിന് ഒരു പുതിയ ബോട്ട് വാങ്ങി സർവ്വേ കാര്യക്ഷമമാക്കാൻ നടപടി സ്വീകരിച്ചു.
തുറമുഖ വികസനത്തിന് കൊല്ലം, ബേപ്പൂർ തുറമുഖങ്ങളിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി വരുന്നു.
180-ൽ പരം ചരിത്ര സ്മാരകങ്ങൾ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളായുണ്ട് – ലോക പൈതൃക പട്ടികയുടെ സാദ്ധ്യതാ ലിസ്റ്റിൽ ഇടം കണ്ടെത്തിയ തക്കലയിലെ പത്മനാഭപുരം കൊട്ടാരം മുതൽ കണ്ണൂർ ഇംഗ്ലീഷ് ചർച്ച് വരെ ഇതിലുൾപ്പെടുന്നു. സർക്കാർ അധികാരത്തിൽ വന്നശേഷമാണ് വിഴിഞ്ഞം ഗുഹാക്ഷേത്രം, കണ്ണൂർ ജില്ലയിൽ കണ്ടോന്താറിലെ ബ്രിട്ടീഷ് ജയിൽ, ആറ•ുളയിലെ വാഴ്‌വേലിൽ തറവാട് തുടങ്ങിയവ സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലയിലെ ഇംഗ്ലീഷ് ചർച്ച്, പയ്യാമ്പലം ഗവ:ഗേൾസ് ഹൈസ്‌കൂൾ കെട്ടിടം, ഹാൻവീവിന്റെ പൈതൃക മന്ദിരം എന്നിവ സംരക്ഷണ സ്മാരകങ്ങളാക്കുന്നതിന് നടപടി സ്വീകരിച്ചു.
തൃശ്ശൂർ ജില്ലയിലെ ജില്ലാ പൈതൃക മ്യൂസിയം കൊല്ലങ്കോട് കൊട്ടാരത്തിൽ ആരംഭിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ഈ വർഷംതന്നെ പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചുവരുന്നു. പതിമൂന്നോളം മ്യൂസിയങ്ങൾ നിലവിൽ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളിൽ പ്രവർത്തിച്ചുവരുന്നു. സംരക്ഷിത സ്മാരകത്തിന്റെ പരിമിതിയിൽ നിന്നുകൊണ്ട് ഇവയൊക്കെ ഭിന്നശേഷി സൗഹൃദമാക്കാനും ആധുനിക രീതിയിൽ പുന:സംവിധാനം ചെയ്യാനും ഈ കാലയളവിൽ ശ്രദ്ധിച്ചിട്ടുണ്ട്.
പ്രളയാനന്തരം ആറ•ുളയിൽ നിന്നും അതുപോലെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നും അമൂല്യങ്ങളായ പൈതൃക ശേഷിപ്പുകൾ ഇതിനകം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
ഒരു കോടിയിലേറെ വരുന്ന താളിയോലകൾ. അതോടൊപ്പം അമൂല്യങ്ങളായ പേപ്പർ രേഖകൾ, ചെപ്പേടുകൾ, മുളക്കരണങ്ങൾ എന്നിവയെല്ലാം ശാസ്ത്രീയമായി സംരക്ഷിക്കുന്നതിന് ഒട്ടേറെ പദ്ധതികൾ പുരാരേഖ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. അപൂർവ്വ രേഖകളുടെ ഡിജിറ്റൈസേഷനും അവയുടെ പ്രസിദ്ധീകരണത്തിനും നടപടി സ്വീകരിച്ചു. കേരള ഡിജിറ്റൽ ചരിത്ര രേഖാ ഭൂപടം തയ്യാറാക്കാൻ നടപടി സ്വീകരിച്ചു.
ചരിത്ര രേഖകൾ കണ്ടെത്തി സംരക്ഷിക്കുന്നതിന് കമ്മ്യൂണിറ്റി ആർക്കൈവ്‌സ്, ഡിപ്പാർട്ടുമെന്റൽ ആർക്കൈവ്‌സ്, വിവിധ വകുപ്പിലെ റിക്കാർഡ് റൂം ജീവനക്കാർക്കുളള സമഗ്ര പരിശീലന പരിപാടികൾ എന്നിവയും ആവിഷ്‌ക്കരിച്ചു നടപ്പാക്കി.
സെൻട്രൽ ആർക്കൈവ്‌സ് കെട്ടിടത്തിന്റെ ശാസ്ത്രീയവും സമഗ്രവുമായ സംരക്ഷണ പ്രവർത്തനങ്ങൾക്ക് 353 ലക്ഷം രൂപ അനുവദിച്ചു. പ്രവൃത്തി പുരോഗിക്കുകയാണ്.
ഈ വകുപ്പുകളെ കൂടുതൽ ജനകീയമാക്കി പൈതൃകശേഷിപ്പുകളെ കണ്ടെത്തുന്നതിനും അവ സംരക്ഷിക്കുന്നതിനുളള നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. പ്രദർശനങ്ങൾ, സെമിനാറുകൾ, പൈതൃകോത്സവങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുകയുണ്ടായി. സാംസ്‌ക്കാരിക വകുപ്പുമായി ചേർന്ന് ഡൽഹിയിലും ഹൈദരാബാദിലും നടത്തിയ പൈതൃകോത്സവങ്ങളിൽ മറുനാടൻ മലയാളികളുടെ വലിയ പങ്കാളിത്തമുണ്ടായി.
മഹാത്മജിയുടെ 70-ാം രക്തസാക്ഷി വാർഷികവും 150-ാം ജ•വാർഷികവും വിവിധങ്ങളായ പരിപാടികളോടെ വകുപ്പ് സംഘടിപ്പിച്ചു വരുന്നു.
കഥപറയുന്ന മ്യൂസിയങ്ങൾ (തീമാറ്റിക്ക്) എന്ന നൂതന സങ്കല്പത്തിലേക്ക് നമ്മുടെ മ്യൂസിയങ്ങളെ പരിവർത്തനപ്പെടുത്തുന്ന പദ്ധതിക്ക് മ്യൂസിയം വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. കോഴിക്കോട് മ്യൂസിയത്തിൽ മൂന്നരക്കോടി ചെലവിൽ 3ഡി തീയറ്റർ സ്ഥാപിച്ചു. തിരുവനന്തപുരം മ്യൂസിയംവളപ്പിൽ മൂന്ന് കോടി ചെലവിൽ കുട്ടികളുടെ പാർക്ക് നിർമ്മിച്ചു. ഒരു കോടി രൂപ ചെലവിൽ ഫുഡ്‌കോർട്ട്, ഇൻഫർമേഷൻ ടിക്കറ്റ് കൗണ്ടറുകൾ എന്നിവ സ്ഥാപിച്ചു. ആറരക്കോടി രൂപ ചെലവിൽ നാപ്പിയർ മ്യൂസിയത്തിന്റെ സമ്പൂർണ്ണ നവീകരണം പൂർത്തിയായി വരുന്നു. 24 ലക്ഷം രൂപ ചെലവിൽ നാല് പുതിയ ബാറ്ററി കാറുകൾ ഏർപ്പെടുത്തി. ശ്രീചിത്രാ ആർട്ട് ഗാലറിയുടെ കെ.സി.എസ് പണിക്കർ ഗാലറിയുടെയും സമഗ്ര നവീകരണത്തിന് നടപടി സ്വീകരിച്ചു.
സർക്കാർ പ്രഖ്യാപിച്ച കല്ല്യാശ്ശേരി മണ്ഡലത്തിലെ ചന്തപ്പുരയിലെ തെയ്യം മ്യൂസിയത്തിന് 1000 ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ മാസം 28ന് തറക്കല്ലിടും. അതോടൊപ്പം തന്നെ പുരാവസ്തു വകുപ്പിൻ കീഴിൽ പയ്യന്നൂരിലെ ഗാന്ധിസ്മൃതി മ്യൂസിയവും പുരാരേഖാ വകുപ്പിൻ കീഴിൽ വൈക്കം സത്യാഗ്രഹ മ്യൂസിയവും സ്ഥാപിക്കുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണ്.
സർക്കാരിന്റെ 1000 ദിന പരിപാടികളുടെ ഭാഗമായി നാല് വകുപ്പുകളുടെയും കീഴിൽ വിവിധങ്ങളായ പരിപാടികൾ ഒരാഴ്ചക്കാലത്ത് നടക്കുന്നുണ്ട്. 21ന് തക്കല പത്മനാഭപുരം കൊട്ടരത്തിലെ ശാസ്ത്രീയ സംരക്ഷണം പൂർത്തിയാക്കിയ ഊട്ടുപുര, ക്ലോക്ക് ടവർ എന്നിവയുടെ ഉദ്ഘാടനം നടക്കും – അന്നുതന്നെ തിരുവനന്തപുരത്ത് പൈതൃക സ്മാരകങ്ങളെ സംബന്ധിച്ച ഡിജിറ്റൽ ആപ് ലോഞ്ചിംഗ്, പുരാരേഖാ വകുപ്പിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം എന്നിവ നടക്കും.
തുറമുഖ വകുപ്പിന് കോഴിക്കോട് നവീകരിച്ച പോർട്ട് കൺസർവേറ്ററുടെ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും, ബേപ്പൂർ തുറമുഖത്ത് നിർമ്മിച്ച ഗേറ്റ് ഹൗസ്, സെക്യൂരിറ്റി റൂം എന്നിവയുടെ ഉദ്ഘാടനും 22ന് നടക്കും.
കണ്ണൂർ സയൻസ് പാർക്കിൽ പുതുതായി ആരംഭിക്കുന്ന ആർക്കൈവൽ ഗാലറി, മലബാർ ഹെറിറ്റേജ് ഭൂപടത്തിന്റെ പ്രകാശനം, ചരിത്ര സെമിനാർ എന്നിവ 23 ന് കണ്ണൂരിൽ നടക്കും.
കേന്ദ്ര സർക്കാർ സഹായത്തോടുകൂടി സമഗ്രമായി നവീകരിക്കപ്പെടുന്ന തൃശ്ശൂർ ശക്തൻ തമ്പുരാൻ മ്യൂസിയത്തിന്റെ നവീകരണോൽഘാടനം, ചേറ്റുവകോട്ടയുടെ സംരക്ഷണ പ്രവൃത്തി ഉദ്ഘാടനം, സംരക്ഷണ പ്രവൃത്തി പൂർത്തിയാക്കിയ പള്ളിപ്പുറം കോട്ടയുടെ തുറന്നുകൊടുക്കൽ, എറണാകുളം ഹിൽ പാലസിൽ നടപ്പിലാക്കിയ നവീകരണ പ്രവൃത്തികളുടെ സമർപ്പണം എന്നിവ 25 ന് നടക്കും.
തുറമുഖ വകുപ്പ് കൊല്ലം തുറമുഖത്ത് നിർമ്മിച്ച ഗേറ്റ് ഹൗസിന്റെയും ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗം പുതുതായി വാങ്ങിയ ബോട്ടിന്റെയും ഉദ്ഘാടനം, പുരാവസ്തു വകുപ്പിൻ കീഴിൽ നവീകരിച്ച പുനലൂർ തൂക്കുപാലത്തിന്റെ സമർപ്പണം എന്നിവ 26 ന് നടക്കും.
പയ്യന്നൂരിൽ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു വരുന്ന ഗാന്ധിസ്മൃതി മ്യൂസിയവുമായി ബന്ധപ്പെട്ട് ചരിത്ര സെമിനാർ 28 ന് നടക്കും. കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ചെറുതാഴത്തുനിന്നും കണ്ടെത്തിയ വെള്ളി നാണയങ്ങൾ വകുപ്പിന് കൈമാറിയ പറമ്മൽ തറവാട്ടിനു പാരിതോഷികവും അന്ന് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.