* 1000 ദിനാഘോഷം: തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പുകളിൽ വിവിധ പദ്ധതികൾക്ക് തുടക്കമാകും
സംസ്ഥാന സർക്കാർ ആയിരംദിനം പൂർത്തിയാകുന്നതിന്റെ ഭാഗമായി തുറമുഖ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകൾ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് നാല് മേജർ തുറമുഖങ്ങളും പതിനേഴോളം നോൺ മേജർ തുറമുഖങ്ങളുമാണ് തുറമുഖ വകുപ്പിന് കീഴിലുളളത്. തുറമുഖ വികസനത്തിന് ഗതിവേഗം കൂട്ടാൻ മാരിടൈം ബോർഡ് രൂപീകരിച്ചു – കപ്പൽമാർഗ്ഗം ചരക്ക് ഗതാഗതത്തിനും മറ്റ് ഗതാഗത മാർഗ്ഗങ്ങൾക്കുമുളള അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് നടപടി സ്വീകരിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പി.പി.പി വ്യവസ്ഥയിൽ കരാർ കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്  (VISL)  ആണ് ഇതിന്റെ മേൽനോട്ടം. കരാർ വ്യവസ്ഥ പ്രകാരം 2019 ഡിസംബറിൽ പൂർത്തിയാക്കേണ്ട ഈ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുളള എല്ലാ ശ്രമങ്ങളും സ്വീകരിച്ചുവരുന്നു.
കണ്ണൂരിലെ അഴീക്കൽ തുറമുഖ വികസനത്തിന് ഒരു പ്രത്യേക കമ്പനി- അഴീക്കൽ പോർട്ട് ലിമിറ്റഡ് എന്ന പേരിൽ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ പാരിസ്ഥിതികാഘാത പഠനം തുടങ്ങിയ പ്രാഥമിക പ്രവൃത്തികൾ ഇതിനകം ആരംഭിച്ചു. ആലപ്പുഴയിൽ മുസിരീസുമായി സഹകരിച്ച് ഒരു തുറമുഖ മ്യൂസിയത്തിന്റെ സജ്ജീകരണം പുരോഗിക്കുകയാണ്.
ഹൈഡ്രോഗ്രാഫിക് സർവ്വേ വിംഗ് കൊല്ലത്ത് ആധുനിക രീതിയിൽ സർവ്വേ നടത്തുന്നതിന് ഒരു പുതിയ ബോട്ട് വാങ്ങി സർവ്വേ കാര്യക്ഷമമാക്കാൻ നടപടി സ്വീകരിച്ചു.
തുറമുഖ വികസനത്തിന് കൊല്ലം, ബേപ്പൂർ തുറമുഖങ്ങളിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി വരുന്നു.
180-ൽ പരം ചരിത്ര സ്മാരകങ്ങൾ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളായുണ്ട് – ലോക പൈതൃക പട്ടികയുടെ സാദ്ധ്യതാ ലിസ്റ്റിൽ ഇടം കണ്ടെത്തിയ തക്കലയിലെ പത്മനാഭപുരം കൊട്ടാരം മുതൽ കണ്ണൂർ ഇംഗ്ലീഷ് ചർച്ച് വരെ ഇതിലുൾപ്പെടുന്നു. സർക്കാർ അധികാരത്തിൽ വന്നശേഷമാണ് വിഴിഞ്ഞം ഗുഹാക്ഷേത്രം, കണ്ണൂർ ജില്ലയിൽ കണ്ടോന്താറിലെ ബ്രിട്ടീഷ് ജയിൽ, ആറ•ുളയിലെ വാഴ്‌വേലിൽ തറവാട് തുടങ്ങിയവ സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലയിലെ ഇംഗ്ലീഷ് ചർച്ച്, പയ്യാമ്പലം ഗവ:ഗേൾസ് ഹൈസ്‌കൂൾ കെട്ടിടം, ഹാൻവീവിന്റെ പൈതൃക മന്ദിരം എന്നിവ സംരക്ഷണ സ്മാരകങ്ങളാക്കുന്നതിന് നടപടി സ്വീകരിച്ചു.
തൃശ്ശൂർ ജില്ലയിലെ ജില്ലാ പൈതൃക മ്യൂസിയം കൊല്ലങ്കോട് കൊട്ടാരത്തിൽ ആരംഭിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ഈ വർഷംതന്നെ പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചുവരുന്നു. പതിമൂന്നോളം മ്യൂസിയങ്ങൾ നിലവിൽ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളിൽ പ്രവർത്തിച്ചുവരുന്നു. സംരക്ഷിത സ്മാരകത്തിന്റെ പരിമിതിയിൽ നിന്നുകൊണ്ട് ഇവയൊക്കെ ഭിന്നശേഷി സൗഹൃദമാക്കാനും ആധുനിക രീതിയിൽ പുന:സംവിധാനം ചെയ്യാനും ഈ കാലയളവിൽ ശ്രദ്ധിച്ചിട്ടുണ്ട്.
പ്രളയാനന്തരം ആറ•ുളയിൽ നിന്നും അതുപോലെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നും അമൂല്യങ്ങളായ പൈതൃക ശേഷിപ്പുകൾ ഇതിനകം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
ഒരു കോടിയിലേറെ വരുന്ന താളിയോലകൾ. അതോടൊപ്പം അമൂല്യങ്ങളായ പേപ്പർ രേഖകൾ, ചെപ്പേടുകൾ, മുളക്കരണങ്ങൾ എന്നിവയെല്ലാം ശാസ്ത്രീയമായി സംരക്ഷിക്കുന്നതിന് ഒട്ടേറെ പദ്ധതികൾ പുരാരേഖ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. അപൂർവ്വ രേഖകളുടെ ഡിജിറ്റൈസേഷനും അവയുടെ പ്രസിദ്ധീകരണത്തിനും നടപടി സ്വീകരിച്ചു. കേരള ഡിജിറ്റൽ ചരിത്ര രേഖാ ഭൂപടം തയ്യാറാക്കാൻ നടപടി സ്വീകരിച്ചു.
ചരിത്ര രേഖകൾ കണ്ടെത്തി സംരക്ഷിക്കുന്നതിന് കമ്മ്യൂണിറ്റി ആർക്കൈവ്‌സ്, ഡിപ്പാർട്ടുമെന്റൽ ആർക്കൈവ്‌സ്, വിവിധ വകുപ്പിലെ റിക്കാർഡ് റൂം ജീവനക്കാർക്കുളള സമഗ്ര പരിശീലന പരിപാടികൾ എന്നിവയും ആവിഷ്‌ക്കരിച്ചു നടപ്പാക്കി.
സെൻട്രൽ ആർക്കൈവ്‌സ് കെട്ടിടത്തിന്റെ ശാസ്ത്രീയവും സമഗ്രവുമായ സംരക്ഷണ പ്രവർത്തനങ്ങൾക്ക് 353 ലക്ഷം രൂപ അനുവദിച്ചു. പ്രവൃത്തി പുരോഗിക്കുകയാണ്.
ഈ വകുപ്പുകളെ കൂടുതൽ ജനകീയമാക്കി പൈതൃകശേഷിപ്പുകളെ കണ്ടെത്തുന്നതിനും അവ സംരക്ഷിക്കുന്നതിനുളള നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. പ്രദർശനങ്ങൾ, സെമിനാറുകൾ, പൈതൃകോത്സവങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുകയുണ്ടായി. സാംസ്‌ക്കാരിക വകുപ്പുമായി ചേർന്ന് ഡൽഹിയിലും ഹൈദരാബാദിലും നടത്തിയ പൈതൃകോത്സവങ്ങളിൽ മറുനാടൻ മലയാളികളുടെ വലിയ പങ്കാളിത്തമുണ്ടായി.
മഹാത്മജിയുടെ 70-ാം രക്തസാക്ഷി വാർഷികവും 150-ാം ജ•വാർഷികവും വിവിധങ്ങളായ പരിപാടികളോടെ വകുപ്പ് സംഘടിപ്പിച്ചു വരുന്നു.
കഥപറയുന്ന മ്യൂസിയങ്ങൾ (തീമാറ്റിക്ക്) എന്ന നൂതന സങ്കല്പത്തിലേക്ക് നമ്മുടെ മ്യൂസിയങ്ങളെ പരിവർത്തനപ്പെടുത്തുന്ന പദ്ധതിക്ക് മ്യൂസിയം വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. കോഴിക്കോട് മ്യൂസിയത്തിൽ മൂന്നരക്കോടി ചെലവിൽ 3ഡി തീയറ്റർ സ്ഥാപിച്ചു. തിരുവനന്തപുരം മ്യൂസിയംവളപ്പിൽ മൂന്ന് കോടി ചെലവിൽ കുട്ടികളുടെ പാർക്ക് നിർമ്മിച്ചു. ഒരു കോടി രൂപ ചെലവിൽ ഫുഡ്‌കോർട്ട്, ഇൻഫർമേഷൻ ടിക്കറ്റ് കൗണ്ടറുകൾ എന്നിവ സ്ഥാപിച്ചു. ആറരക്കോടി രൂപ ചെലവിൽ നാപ്പിയർ മ്യൂസിയത്തിന്റെ സമ്പൂർണ്ണ നവീകരണം പൂർത്തിയായി വരുന്നു. 24 ലക്ഷം രൂപ ചെലവിൽ നാല് പുതിയ ബാറ്ററി കാറുകൾ ഏർപ്പെടുത്തി. ശ്രീചിത്രാ ആർട്ട് ഗാലറിയുടെ കെ.സി.എസ് പണിക്കർ ഗാലറിയുടെയും സമഗ്ര നവീകരണത്തിന് നടപടി സ്വീകരിച്ചു.
സർക്കാർ പ്രഖ്യാപിച്ച കല്ല്യാശ്ശേരി മണ്ഡലത്തിലെ ചന്തപ്പുരയിലെ തെയ്യം മ്യൂസിയത്തിന് 1000 ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ മാസം 28ന് തറക്കല്ലിടും. അതോടൊപ്പം തന്നെ പുരാവസ്തു വകുപ്പിൻ കീഴിൽ പയ്യന്നൂരിലെ ഗാന്ധിസ്മൃതി മ്യൂസിയവും പുരാരേഖാ വകുപ്പിൻ കീഴിൽ വൈക്കം സത്യാഗ്രഹ മ്യൂസിയവും സ്ഥാപിക്കുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണ്.
സർക്കാരിന്റെ 1000 ദിന പരിപാടികളുടെ ഭാഗമായി നാല് വകുപ്പുകളുടെയും കീഴിൽ വിവിധങ്ങളായ പരിപാടികൾ ഒരാഴ്ചക്കാലത്ത് നടക്കുന്നുണ്ട്. 21ന് തക്കല പത്മനാഭപുരം കൊട്ടരത്തിലെ ശാസ്ത്രീയ സംരക്ഷണം പൂർത്തിയാക്കിയ ഊട്ടുപുര, ക്ലോക്ക് ടവർ എന്നിവയുടെ ഉദ്ഘാടനം നടക്കും – അന്നുതന്നെ തിരുവനന്തപുരത്ത് പൈതൃക സ്മാരകങ്ങളെ സംബന്ധിച്ച ഡിജിറ്റൽ ആപ് ലോഞ്ചിംഗ്, പുരാരേഖാ വകുപ്പിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം എന്നിവ നടക്കും.
തുറമുഖ വകുപ്പിന് കോഴിക്കോട് നവീകരിച്ച പോർട്ട് കൺസർവേറ്ററുടെ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും, ബേപ്പൂർ തുറമുഖത്ത് നിർമ്മിച്ച ഗേറ്റ് ഹൗസ്, സെക്യൂരിറ്റി റൂം എന്നിവയുടെ ഉദ്ഘാടനും 22ന് നടക്കും.
കണ്ണൂർ സയൻസ് പാർക്കിൽ പുതുതായി ആരംഭിക്കുന്ന ആർക്കൈവൽ ഗാലറി, മലബാർ ഹെറിറ്റേജ് ഭൂപടത്തിന്റെ പ്രകാശനം, ചരിത്ര സെമിനാർ എന്നിവ 23 ന് കണ്ണൂരിൽ നടക്കും.
കേന്ദ്ര സർക്കാർ സഹായത്തോടുകൂടി സമഗ്രമായി നവീകരിക്കപ്പെടുന്ന തൃശ്ശൂർ ശക്തൻ തമ്പുരാൻ മ്യൂസിയത്തിന്റെ നവീകരണോൽഘാടനം, ചേറ്റുവകോട്ടയുടെ സംരക്ഷണ പ്രവൃത്തി ഉദ്ഘാടനം, സംരക്ഷണ പ്രവൃത്തി പൂർത്തിയാക്കിയ പള്ളിപ്പുറം കോട്ടയുടെ തുറന്നുകൊടുക്കൽ, എറണാകുളം ഹിൽ പാലസിൽ നടപ്പിലാക്കിയ നവീകരണ പ്രവൃത്തികളുടെ സമർപ്പണം എന്നിവ 25 ന് നടക്കും.
തുറമുഖ വകുപ്പ് കൊല്ലം തുറമുഖത്ത് നിർമ്മിച്ച ഗേറ്റ് ഹൗസിന്റെയും ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗം പുതുതായി വാങ്ങിയ ബോട്ടിന്റെയും ഉദ്ഘാടനം, പുരാവസ്തു വകുപ്പിൻ കീഴിൽ നവീകരിച്ച പുനലൂർ തൂക്കുപാലത്തിന്റെ സമർപ്പണം എന്നിവ 26 ന് നടക്കും.
പയ്യന്നൂരിൽ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു വരുന്ന ഗാന്ധിസ്മൃതി മ്യൂസിയവുമായി ബന്ധപ്പെട്ട് ചരിത്ര സെമിനാർ 28 ന് നടക്കും. കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ചെറുതാഴത്തുനിന്നും കണ്ടെത്തിയ വെള്ളി നാണയങ്ങൾ വകുപ്പിന് കൈമാറിയ പറമ്മൽ തറവാട്ടിനു പാരിതോഷികവും അന്ന് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.