സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങൾക്ക് ജനകീയ തുടക്കം. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വിളംബരം ചെയ്ത് സ്‌കൂൾ ഗ്രൗണ്ടിൽ പ്രദർശമേളയും തുടങ്ങി. നവകേരള സൃഷ്ടിയിൽ പൊതുവിദ്യാഭ്യാസത്തിന്റെ പങ്ക് എന്ന വിഷയത്തിൽ ആദ്യദിനം സെമിനാർ നടന്നു. വൈകീട്ട് താമരശ്ശേരി ചുരം ബാന്റിന്റെ മ്യൂസിക്കൽ നൈറ്റും അരങ്ങേറി.
വയനാട് ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 21ന് വൈകീട്ട് നാലിന് കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ മന്ത്രി കെ.കെ ശൈലജ നിർവഹിക്കും. സി.കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ആവാസ് ഇൻഷുറൻസ് പദ്ധതി, പട്ടികജാതി വിഭാഗക്കാർക്കുള്ള വായ്പാ വിതരണം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. രണ്ടുലക്ഷം പേർക്കുള്ള പച്ചക്കറി വിത്ത് വിതരണം ഒ.ആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്യും. ടൂറിസം കേന്ദ്രങ്ങളിലെ ഓലൈൻ ടിക്കറ്റിങ് ഉദ്ഘാടനം ഐ.സി ബാലകൃഷ്ണൻ എംഎൽഎ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ, കൽപ്പറ്റ നഗരസഭാ ചെയർപേഴ്‌സൺ സനിത ജഗദീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷ തമ്പി, ടി.എസ് ദിലീപ് കുമാർ, ലത ശശി, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.എം നാസർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ കളക്ടർ എ.ആർ അജയകുമാർ സ്വാഗതവും എഡിഎം കെ. അജീഷ് നന്ദിയും പറയും.
