301 കുടുംബങ്ങളുടെ വിട് എന്ന ചിരകാല സ്വപ്‌നം പൂവണിയുകയാണിവിടെ. സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കൽപ്പറ്റ നഗരസഭയിലെ 301 കുടുംബങ്ങൾക്കിത് സ്വപ്ന സാഫല്യ നിമിഷമാണ്. പിഎംഎവൈ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച 301 വീടുകളുടെ താക്കോൽദാനവും അനുമോദന പത്രവും സി.കെ ശശീന്ദ്രൻ എംഎൽഎ നിർവഹിച്ചു. സമയബന്ധിതമായാണ് വീടുപണി പൂർത്തീകരിച്ചത്.
നഗരസഭയിൽ പിഎംഎവൈ ലൈഫ് പദ്ധതിയിൽ 700 ഗുണഭോക്താക്കളുണ്ട്. 2018-19 വർഷം നഗരസഭയുടെ പദ്ധതിയിൽ 2.35 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ബാക്കിയുള്ള തുക നൽകുന്നതിനു വേണ്ടി കെഎസ്‌യുഡിപിയിൽ നിന്ന് അഞ്ചരകോടി രൂപ വായ്പയെടുത്തിരിക്കുകയാണ്. നഗരസഭയിലെ മുഴുവൻ ഭവനരഹിതർക്കും വീട് നൽകുകയാണ് ലക്ഷ്യം.
നഗരസഭ ചെയർപേഴ്‌സൺ സനിത ജഗതീഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ആർ. രാധാകൃഷണൻ, സ്ഥിരം സമിതി അംഗങ്ങളായ ബിന്ദു ജോസ്, ടി. മണി, കെ. അജിത, പി.പി. ആലി, വി. ഹാരിസ്, എ.പി. ഹമീദ്, സി.കെ. ശിവരാമൻ, വിവിധ രാഷ്ടീയപാർട്ടി പ്രതിനിധികളായ പി. ദിനേശൻ, സി.കെ. നൗഷാദ്, സി.ഡി.എസ്. ചെയർപേഴ്‌സൺ സഫിയ അസീസ് തുടങ്ങിയവർ സംസാരിച്ചു.