സുൽത്താൻ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച ബഹുനില കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും മന്ത്രി കെ.കെ ശൈലജ നാടിനു സമർപ്പിച്ചു. ഇതോടൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടത്തിന്റെ തറക്കല്ലിടലും മന്ത്രി നിർവഹിച്ചു.
ഏഴു നിലകളായി 25 കോടി ചെലവാക്കിയാണ് ബഹുനില കെട്ടിടം പൂർത്തിയാക്കിയത്. ലേബർ റൂം, ഓപ്പറേഷൻ തീയേറ്റർ, പീഡിയാട്രിക് വാർഡ്, കൺസൾട്ടിംഗ് റൂം, ലിഫ്റ്റ്, റാമ്പ് എന്നി സൗകര്യങ്ങൾ ഉൾപ്പെടെ 100 പേരെ കിടത്തി ചികിത്സിക്കാവുന്ന രീതിയിലാണ് നിർമാണം. ഒരു കോടി ചെലവിലാണ് അത്യാധൂനിക രീതിയിൽ ഡയാലിസിസ് സെന്റർ ഒരുക്കിയത്. 45 ലക്ഷം രൂപ ചെലവിൽ നിർമിച്ച പബ്ലിക് ഹെൽത്ത് ലാബ് ജില്ലയിലെ തന്നെ ആദ്യ സംരംഭമാണ്. നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടുപയോഗിച്ച് എക്സറേ യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ 36 ലക്ഷം രൂപ ചെലവിൽ ലിഫ്റ്റ് സംവിധാനവും കെട്ടിടത്തിൽ ഒരുക്കും. ബ്ലഡ് ബാങ്ക് യൂണിറ്റ് സേവനവും ലഭ്യമാക്കി. ഡയാലിസിസ് യൂണിറ്റ് സി.കെ ശശീന്ദ്രൻ എം.എൽ.എയും പോസ്റ്റ്മോർട്ടം ആൻഡ് മോർച്ചറി ബ്ലോക്ക് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുകയും ലിഫ്റ്റ് നിർമാണം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂരും ഉദ്ഘാടനം ചെയ്തു.
ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷ വഹിച്ച പരിപാടിയിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, നഗരസഭ ചെയർപേഴ്സൺ ടി.എൽ സാബു, മുൻ എം.എൽ.എ പി. കൃഷ്ണപ്രസാദ്, ജനപ്രതിനിധികൾ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.