മാനന്തവാടി ജില്ലാ ആശുപത്രിയെ മികച്ച ആരോഗ്യ കേന്ദ്രമാക്കി മാറ്റുമെന്ന് സംസ്ഥാന ആരോഗ്യ-സാമൂഹ്യനീതി-വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ. 40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച നേത്ര ചികിത്സാ-ശാസ്ത്രക്രിയ വിഭാഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം രണ്ടു വർഷം കൊണ്ട് പൂർത്തിയാവും. ഇതോടെ ജില്ലാ ആശുപത്രി നേരിടുന്ന പ്രധാന പ്രശ്നമായ സ്ഥലപരിമിതിക്കും ആശ്വാസമാകുമെന്ന് മന്ത്രി അറിയിച്ചു. ജില്ലാ ആശുപത്രിയിൽ ഒപി നവീകരണത്തിനായി സർക്കാർ 1.7 കോടി അനുവദിച്ചു. കൂടാതെ മൾട്ടിപർപ്പസ് ബ്ലോക്ക് നിർമാണത്തിനായി നബാർഡിന്റെ 45 കോടി രൂപയുടെ പ്രവർത്തി ആരംഭിച്ചു. കാത്ത്ലാബ് സ്ഥാപിക്കാൻ 8.2 കോടി രൂപ അനുവദിച്ചു. ഒരു കോടി രൂപ ചെലവിൽ പ്രസവ വാർഡ് ആധൂനികവത്ക്കരിക്കാൻ നിർമ്മിതി കേന്ദ്രയുടെ നേതൃത്വത്തിൽ നടപടി തുടങ്ങി. 12 ലക്ഷം രൂപ ചെലവിൽ ഡെന്റൽ ലാബിന്റെ പ്രവർത്തി പൂർത്തിയായി വരുന്നു. പോഷകാഹാര പുനരധിവാസ കേന്ദ്രം പ്രവർത്തിച്ചു തുടങ്ങി.
ജില്ലാ ആശുപത്രിയിൽ 32 ഡോക്ടർമാർ ഉണ്ടായിരുന്ന സ്ഥാനത്ത് 18 അധിക തസ്തിക പുതുതായി സൃഷ്ടിച്ചു. കൂടാതെ ഒഴിവുകളെല്ലാം നികത്തിയതോടെ നിലവിൽ 60 ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ആകെ 132 ഓളം വിവിധ തസ്തികൾ വയനാട് ജില്ലയ്ക്കു വേണ്ടി മാത്രം കഴിഞ്ഞ മൂന്നു വർഷം കൊണ്ട് സൃഷ്ടിക്കാൻ കഴിഞ്ഞെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
ഒ.ആർ കേളു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു, ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി. അഭിലാഷ്, സുപ്രണ്ട് ഡോ.വി ജിതേഷ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.