മൂവാറ്റുപുഴ: സംസ്ഥാനത്തിന്റെ വളര്‍ച്ചയിലും പുനര്‍ നിര്‍മ്മാണത്തിലും ഇതരസംസ്ഥാന തൊഴിലാളികളുടെ പങ്ക് നിസ്തുലമാണെന്ന് ജോയ്‌സ് ജോര്‍ജ് എം.പി. അഭിപ്രായപ്പെട്ടു. കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയുടെ സംസ്ഥാന തല ആനുകുല്യ പ്രഖ്യാപനം, മെഡിക്കല്‍ ക്യാമ്പ്, ബോധവല്‍ക്കരണ ക്ലാസ് എന്നിവയുടെ ഉദ്ഘാടനം മൂവാറ്റുപുഴ ്ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിക്കുന്നവരെന്ന നിലയില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഓരോ തൊഴിലാളിയുടെയും ക്ഷേമം ഉറപ്പാക്കത്തക്ക വിധമാണ് കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി നടപ്പാക്കിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിര്‍മ്മാണ കാര്‍ഷിക മേഖലകളില്‍ രക്ഷകരുടെ റോളിലാണ് ഇന്ന് കുടിയേറ്റ തൊഴിലാളികളുള്ളതെന്നും അത് മനസിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്കായി ഇത്തരം ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍, ജില്ലാ പഞ്ചായത്തംഗം എന്‍.അരുണ്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസിജോളി വട്ടക്കുഴി, നഗരസഭാ കൗണ്‍സിലര്‍ ബിന്ദു സുരേഷ് കുമാര്‍, ക്ഷേമ നിധി ചെയര്‍മാന്‍ കെ.വി. ജോസ്, സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍, അജ്മല്‍ ചക്കുങ്ങല്‍, സജീവ് നന്ദനം, ബാബു മലപാല്‍, വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹികളായ കെ.എ. നവാസ്, പി.എം.ഏലിയാസ് റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ.ശ്രീലാല്‍, ജില്ലാ ലേബര്‍ ഓഫീസര്‍മാരായ സി.എസ്. നസറുദ്ദീന്‍, വി.കെ.നവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ലേബര്‍ കമ്മീഷണര്‍ സി.വി.സജന്‍ ഐ.എ.എസ് സ്വാഗതവും ജില്ലാ ലേബര്‍ ഓഫീസര്‍ വി.ബി.ബിജു നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരകണക്കിന് കുടിയേറ്റ തൊഴിലാളികളാണ് പരിപാടികളില്‍ പങ്കെടുത്തത്. ഇതോടനുബന്ധിച്ച് നടന്ന മെഡിക്കല്‍ ക്യാമ്പില്‍ അഞ്ഞൂറോളം തൊഴിലാളികള്‍ പങ്കെടുത്തു. മൂന്നുറോളം പേര്‍ക്ക് ക്ഷേമ പദ്ധതിയില്‍ തല്‍സമയ അംഗത്വം നല്‍കി. ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസും നടന്നു.
