സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ നടത്തിയ സെമിനാർ അരിവാൾ രോഗികളുടെ സാന്നിധ്യം കൊണ്ട് വേറിട്ടുനിന്നു. ‘അരിവാൾ രോഗനിയന്ത്രണം ആയുർവേദത്തിലൂടെ’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ജില്ലാ ആയുർവ്വേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ജി. അഞ്ജലി അൽഫോൻസ വിഷയം അവതരിപ്പിച്ചു.

എന്താണ് അരിവാൾ രോഗം
ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന ഘടനാ വ്യതിയാനമാണ് അരിവാൾ രോഗം. ഇതൊരു ജനിതക രോഗമാണ്. അരിവാൾ രോഗം പൂർണമായി ഭേദമാക്കാൻ കഴിയില്ലെങ്കിലും കൃത്യമായ ആയുർവ്വേദ ദിനചര്യകളിലൂടെ കടന്നുപോയാൽ രോഗം മൂലമുണ്ടാകുന്ന വേദനകളെ ഒരുപരിധിവരെ പ്രതിരോധിക്കാൻ കഴിയും.

ലക്ഷണങ്ങൾ
അമിതമായ ക്ഷീണം, കിതപ്പ്, തളർച്ച, വിളർച്ച, ഇടുപ്പെല്ല് വേദന, കണ്ണിനു മഞ്ഞ നിറം, കാഴ്ചക്കുറവ്, തലവേദന, തലക്കറക്കം തുടങ്ങിയവയെല്ലാം അരിവാൾ രോഗലക്ഷണങ്ങളാണ്. അണുബാധ, നിർജലീകരണം, അമിത അധ്വാനം, മാനസിക സമ്മർദം, മദ്യപാനം, തണുത്ത കാലാവസ്ഥ എന്നിവയെല്ലാം രോഗം മൂർച്ചിക്കാൻ കാരണമാകും.

ആയൂർവേദത്തിന്റെ പ്രസക്തി
ആയുർവ്വേദ ചികിത്സ നൽകുന്നതിലൂടെ രോഗത്തിന്റെ തീവ്രത കുറക്കുക, ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുക, രോഗികൾക്ക് മാനസിക പിൻതുണ ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം വയ്ക്കുന്നത്. ചികിത്സയുടെ ആദ്യഘട്ടം ശരീരത്തിലെ രക്ത നിർമാണ പ്രക്രിയയെ ത്വരിതപ്പെടുത്തുകയാണ്. രണ്ടാംഘട്ടം രക്ത വർധിതമായ ഔഷധങ്ങൾ നൽകുക. രസായന ചികിത്സയാണ് മൂന്നാംഘട്ടം. ഇതുവഴി ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും കഴിയും. രോഗം മൂലമുണ്ടാകുന്ന വിഷമതകൾ പരിഹരിക്കുകയാണ് നാലാംഘട്ട ചികിത്സ.

ശീലമാക്കേണ്ടത്
വെള്ളം ധാരാളം കുടിക്കുക, കൃത്യ സമയങ്ങളിൽ ഭക്ഷണം, ആവശ്യത്തിന് വിശ്രമം, തണുപ്പിനെ പ്രതിരോധിക്കുക, മാനസിക സമ്മർദം കുറക്കുക, ലഹരി പദാർഥങ്ങൾ ഒഴിവാക്കുക, വ്യക്തി ശുചിത്വം പാലിക്കുക തുടങ്ങിയവയെല്ലാം രോഗികൾ ശീലിക്കേണ്ട കാര്യങ്ങളാണെന്ന് സെമിനാറിൽ നിർദേശമുയർന്നു.

ജില്ലാ ആയുർവ്വേദ മെഡിക്കൽ ഓഫീസർ ഡോ. ഇ.എ സോണിയ സെമിനാർ ഉദ്ഘാടനം ചെയ്തു. യോഗയുടെ പ്രാധാന്യത്തെകുറിച്ച് കൽപ്പറ്റ ജില്ലാ ആയുർവ്വേദ ആശുപത്രിയിലെ ഡോ. അരുൺരാജ് വിശദീകരിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പ്രീത, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. മോഹൻ തുടങ്ങിയവർ പങ്കെടുത്തു.