പറവൂർ : അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2019 – 20 സാമ്പത്തിക വർഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മായ ദേവി അവതരിപ്പിച്ചു. 52.51കോടി രൂപ വരവും, 52.46 കോടി രൂപ ചെലവും, 4.03 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. പ്ലാസ്റ്റിക് മാലിന്യ മുക്ത അമ്പലപ്പുഴയ്ക്കാന് ബജറ്റ് പ്രാധാന്യം നൽകുന്നത്. പ്ലാസ്റ്റിക് ഷർ ഡിങ് യൂണിറ്റ് ഇതിനായി തയ്യാറാണ്. ബ്ലോക്ക് പരിധിയിലെ 33 സ്‌കൂളുകളും പ്ലാസ്റ്റിക് ശേഖരണത്തിനായി രണ്ടു ലക്ഷം രൂപ ചിലവിൽ കളക്ഷൻ സെന്റർ നിർമിക്കുന്നതിനായി ശുചിത്യമിഷനുമായി ചേർന്ന് 66 ലക്ഷം രൂപ വകയിരുത്തി. പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി കുടുംബശ്രീ യൂണിറ്റുകൾക്ക് ഗ്രാമ പഞ്ചായത്ത് തലത്തിൽ 17.50 ലക്ഷം രൂപയും നീക്കി വച്ചു.
സമ്പൂർണ്ണ പാർപ്പിട പദ്ധതി, കാർഷിക – മത്സ്യ മേഖലയിലെ വികസനം, പശ്ചാത്തല വികസനം, പാലിയേറ്റിവ് കെയർ, ക്ഷീര വികസനം, എന്നിവയ്ക്കും ബഡ്ജറ്റ് മുൻതൂക്കം നൽകുന്നുണ്ട്. ലൈഫ് ഭവന പദ്ധതിക്കായി 75 ലക്ഷം രൂപയും ഭിന്നശേഷിക്കാർക്കായി 15 ലക്ഷം രൂപയും പാലിയേറ്റിവ് പരിചരണത്തിന് 13 ലക്ഷം രൂപയും ക്ഷീര കർഷകർക്ക് 15 ലക്ഷം രൂപയും പാടശേഖരങ്ങൾക്ക് 42ലക്ഷം രൂപയും മത്സ്യത്തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്ക് പഠനോപകരണം 10 ലക്ഷം രൂപയും പട്ടിക ജാതി വിദ്യാർത്ഥികൾക്ക് പഠന മുറിക്ക് 18.60 ലക്ഷം രൂപയും വനിതാ വികസനത്തിനായി 40 ലക്ഷം രൂപയും സ്‌കൂളുകൾക്ക് സാനിറ്ററി കോംപ്ലക്‌സ് നിർമിക്കാൻ 10 ലക്ഷം രൂപയും പശ്ചാത്തല മേഖലയ്ക്ക് 85 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.

ബജറ്റ് അവതരണ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം ജുനൈദ് അധ്യക്ഷത വഹിച്ചു. പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹമീദ് , അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എ അഫ്‌സത്ത് എന്നിവർ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോസ് ദലീമ,ബിബി വിദ്യാനന്ദൻ, കബീർ, മുരളീധരൻ,പ്രജിത് കാരിക്കൽ രാജേശ്വരി എന്നിവർ സംസാരിച്ചു.