മൂവാറ്റുപുഴ: സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന് തിലകക്കുറിയായി കുടിയേറ്റ തൊഴിലാളി ആനുകൂല്യ പ്രഖ്യാപനം; ഒഴുകിയെത്തിയത് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍. മൂവാറ്റുപുഴ ടൗണ്‍ ഹാളില്‍ തൊഴിലും നൈപുണ്യവും വകുപ്പ് സംഘടിപ്പിച്ച പരിപാടിയാണ് കുടിയേറ്റ തൊഴിലാളികളുടെ സംഗമമായി മാറിയത്. രാവിലെ 10ന് പരിപാടി ഔദ്യോഗീകമായി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ടൗണ്‍ ഹാളിനകവും പുറവും കുടിയേറ്റ തൊഴിലാളികളാല്‍ നിറഞ്ഞിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വാഹനങ്ങളിലും മറ്റുമായാണ് തൊഴിലാളികളെത്തിയത്. കുടിയേറ്റ തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതി ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെ ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി മുപ്പതോളം മാധ്യമ പ്രവര്‍ത്തകരുമെത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി 2010 ഏപ്രിലിലാണ് സംസ്ഥാനത്ത് ക്ഷേമ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയിലാണ് ആനുകൂല്യങ്ങള്‍ കുത്തനെ വര്‍ധിപ്പിച്ച് ഇത്തവണ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു്. ഇതനുസരിച്ച് മരണപ്പെടുന്ന കുടിയേറ്റ തൊഴിലാളിയുടെ കുടുംബത്തിന് നല്‍കിയിരുന്ന ധനസഹായം 10000 രൂപയില്‍ നിന്നും 25000 രൂപയായി വര്‍ധിപ്പിച്ചു. ജോലിക്കിടയില്‍ സംഭവിക്കുന്ന അപകടത്തിന് 50000 രൂപയില്‍ നിന്നും രണ്ടു ലക്ഷം രൂപയായും ആനുകൂല്യം ഉയര്‍ത്തി. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗത്വമെടുത്തിട്ടുളളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. പദ്ധതിയംഗമല്ലാത്ത തൊഴിലാളിക്ക് കിടത്തി ചികിത്സക്ക് വിധേയമാകുന്ന ആദ്യ അഞ്ച് ദിവസത്തേക്ക് 500 രൂപയും തുടര്‍ന്നുളള ഓരോദിവസത്തേക്കും 100 രൂപ വീതം പരമാവധി 20000 രൂപ വരെ ചികിത്സാ സഹായമായി ലഭിക്കും. നേരത്തെ ഇത് 2000 രൂപയായിരുന്നു. സര്‍ക്കാര്‍ ആസ്പത്രികളിലോ ബോര്‍ഡ് അംഗീകരിച്ച സ്വകാര്യസഹകരണ ആസ്പത്രികളിലോ ചികിത്സ തേടുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളികള്‍ക്കുളള കുറഞ്ഞ വിരമിക്കല്‍ ആനുകൂല്യം 10000 രൂപയും കൂടിയത് 25000 വും ആയിരുന്നത് ഇപ്പോള്‍ യഥാക്രമം 25000 രൂപയും 50000 രൂപയുമായി വര്‍ധിക്കും. സംസ്ഥാനത്ത് വച്ച് മരണപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മരണപ്പെട്ട വ്യക്തി പദ്ധതിയിലംഗമാണെങ്കിലും അല്ലെങ്കിലും ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനായി 50000 രൂപ വരെ ചെലവഴിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് അനുമതി നല്‍കി. ഇതിലേക്കായി ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ റിവോള്‍വിംഗ് ഫണ്ടും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആനുകൂല്യ പ്രഖ്യാപനം ഹര്‍ഷാരവത്തോടെയാണ് തിങ്ങി നിറഞ്ഞ തൊഴിലാളികള്‍ സ്വീകരിച്ചത്. ക്ഷേമ പദ്ധതിയിലേക്ക് തല്‍സമയ അംഗത്വമെടുക്കുന്നതിന് തൊഴിലാളികളുടെ നീണ്ട ക്യൂവാണ് രൂപപ്പെട്ടത്. വൈകിട്ട് മൂന്ന് മണി വരെ മുന്നൂറ്റമ്പതോളം തൊഴിലാളികളാണ് തല്‍സമയ അംഗത്വമെടുത്തത്. തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ഏര്‍പ്പെടുത്തിയിരുന്നു. ആറ് ഡോക്ടര്‍മാര്‍ പങ്കെടുത്ത ക്യാമ്പ് പ്രയോജനപ്പെടുത്തിയത് അഞ്ഞൂറോളം തൊഴിലാളികളാണ്.

ഫോട്ടോ അടിക്കുറിപ്പ്: 1) കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ തല്‍സമയ അംഗത്വമെടുക്കുന്ന തൊഴിലാളികള്‍