ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തിലെത്തുന്ന വനിതകൾക്ക് സ്വയം പ്രതിരോധത്തിന് ഒരു കൈ പരീക്ഷിക്കാനും അവസരം. എല്ലാം ശ്രദ്ധിച്ച് അടവുകൾ പറഞ്ഞുതരാൻ പരിശീലനം ലഭിച്ച വനിതാപോലീസ് സംഘം ഇവിടെ എപ്പോഴും റഡി. ഒരു കൈ പയറ്റാം എന്ന് കരുതിയവരെ മലർത്തിയടിച്ച ശേഷം അടവുകൾ പറഞ്ഞുകൊടുക്കും. സ്വയം പ്രതിരോധത്തിന്റെ മുറകളാണ് ഇവിടെ സ്ത്രീകൾക്ക് പരിചയപ്പെടുത്തുന്നത്. പഴയത് പോലല്ല, ഇവിടെ ഇത് പഠിക്കാനും ക്ലാസിന്റെ ഷെഡ്യൂൾ അറിയാനും വനിതകൾ ഏറെപ്പേരെത്തുന്നു. കേരള പോലീസും ജനമൈത്രി പോലീസും ചേർന്നാണ് നിർഭയ എന്ന സ്റ്റാൾ സജ്ജമാക്കിയത്. അത്യാവശ്യ ഘട്ടങ്ങളിൽ സ്ത്രീകൾക്ക് സ്വയം സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിച്ച് എങ്ങനെ പ്രതിയോഗിയെ കീഴ്‌പ്പെടുത്താം എന്നതാണ് ഇവിടെ ലൈവായി കാണിക്കുക. ബാഗ് മോഷണം, ലൈംഗികാതിക്രമം, ആസിഡ് ആക്രമണം, തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള എളുപ്പമുള്ള മുറകളാണ് ഇവിടെ കാണിക്കുന്നത്. ഏത് പ്രായത്തിലുള്ളവർക്കും ഇത് പഠിക്കാൻ അവസരമുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലാണ് ഇവിടെ ഈ പരിശീലന സംഘം പ്രവർത്തിക്കുന്നത്. ആറ് മാസ്റ്റർ ട്രയിനേഴ്‌സാണ് സ്റ്റാളിലുള്ളത്. സുലേഖാ പ്രസാദാണ് ടീം ലീഡർ. അടവുകൾ പയറ്റാൻ വലിയ മെത്ത തന്നെ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. 20 മണിക്കൂർ പഠിക്കാനുള്ള കോഴ്‌സാണ് ഇവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്നത്.സ്‌കൂൾ വിദ്യാർഥികൾക്കും, കുടുംബശ്രീ, വനിതാകൂട്ടായ്മകൾ എന്നിവർക്കെല്ലാം ഇവർ ആവശ്യപ്പെടുന്ന പ്രകാരം ക്ലാസ് എടുത്തു നൽകുന്നു. മേളയും പ്രദർശനവും ഫെബ്രുവരി 27 വരെയുണ്ടാകും.