ആരോഗ്യമേഖലയിൽ സമഗ്ര മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞ മൂന്നു വർഷത്തിനിടെ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ലക്ഷ്യം വച്ച 170 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെക്കാൾ കൂടുതൽ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രളാക്കി മാറ്റി. വയനാട് ജില്ലയിൽ ആദ്യഘട്ടത്തിൽ നാലു പി.എച്ച്.സികളെ കുടുബാരോഗ്യ കേന്ദ്രങ്ങളാക്കി. രണ്ടാംഘട്ടത്തിൽ 15 പി.എച്ച്.സികളെ കൂടി ജില്ലയിൽ നിന്നും തിരഞ്ഞെടുത്തു. ഇത് പൊതുജനാരോഗ്യ രംഗത്ത് ചരിത്രപരമായ മാറ്റം സൃഷ്ടിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അടിസ്ഥാന മേഖലയുടെ വികസനത്തിനൊപ്പം വ്യവസായ മേഖലയ്ക്കും ഊർജം പകരാൻ സർക്കാരിന് കഴിഞ്ഞു. പൂർത്തിയാക്കില്ലെന്നു കരുതിയിരുന്ന ഗെയിൽ ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമായി അന്തിമഘട്ടത്തിലാണ്. ആർദ്രം, ഹരിതകേരളം മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണം, ലൈഫ് തുടങ്ങിയ ജനക്ഷേമ പദ്ധതികളിലൂടെ പൊതുസമൂഹത്തിന്റെ സമഗ്ര ഉന്നമനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ വേഗമേറിയ പൂർത്തീകരണമാണ് കഴിഞ്ഞ നാളുകളിൽ സർക്കാർ കാഴ്ചവച്ചത്.
ജില്ലാതല ഉദ്ഘാടനച്ചടങ്ങിൽ അതിഥി തൊഴിലാളികൾക്കുള്ള ആവാസ് ഇൻഷുറൻസ് കാർഡ് മന്ത്രി കൈമാറി. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്കുള്ള വായ്പ വിതരണം, കാർഷികോപകരണങ്ങളുടെ വിതരണവും സാക്ഷരതാ മിഷന്റെ സമഗ്ര, ചങ്ങാതി, നവചേതന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. രണ്ടുലക്ഷം പേർക്കുള്ള പച്ചക്കറി വിത്ത് വിതരണവും നടന്നു. ടൂറിസം കേന്ദ്രങ്ങളിലെ ഓൺലൈൻ ടിക്കറ്റിങ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
സി.കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഒ.ആർ കേളു എംഎൽഎ, കൽപ്പറ്റ നഗരസഭാ ചെയർപേഴ്‌സൺ സനിതാ ജഗദീഷ്, ജില്ലാ കളക്ടർ എ ആർ അജയകുമാർ, എഡിഎം കെ. അജീഷ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം. മധു, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ പി. ഗഗാറിൻ, വിജയൻ ചെറുകര, പള്ളിയറ രാമൻ തുടങ്ങിയവർ പങ്കെടുത്തു.