അടിസ്ഥാനപരമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ ആരോഗ്യരംഗത്ത് നടത്തിയതെന്ന് ആരോഗ്യ-സാമൂഹ്യ നീതി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. രോഗപ്രതിരോധത്തിന് പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തുവെന്ന് കരുതിയ കുഷ്ഠം, ക്ഷയം എന്നീ രോഗങ്ങള്‍ ഇപ്പോഴും ഇവിടെ തന്നെയുണ്ട്. വെല്ലുവിളികളായ പകര്‍ച്ചവ്യാധികള്‍ പൂര്‍ണമായും നിയന്ത്രിക്കാന്‍ മറ്റു വകുപ്പുകളുടെ കൂടി ഏകോപനവും സമീപനവും ആവശ്യമാണ്. താലൂക്ക് ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാണ് ്ര്രശമിക്കുന്നത്. സര്‍ക്കാാരിന്റെ ആയിരം ദിനങ്ങള്‍ ആഘോഷിക്കുമ്പോള്‍ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെയും മാതൃയാനം ഹൃദ്യം പദ്ധതി – കുടുംബ സംഗമം എന്നിവയുടെയും ഉദ്ഘാടനവും ആംബുലന്‍സ് ഏറ്റുവാങ്ങലും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ഗവ. മെഡിക്കല്‍ കോളേജുകള്‍ക്കായി തയ്യാറാക്കിയിട്ടുള്ള മാസ്റ്റര്‍പ്ലാന്‍ പ്രാവര്‍ത്തികമായി കൊണ്ടിരിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിന് 3000 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കി യിരിക്കുന്നത്. അവ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. മാതൃയാനം പദ്ധതിയിലൂടെ പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും വീട്ടിലെത്തിക്കുക എന്ന ദൗത്യമാണ് എറ്റെടുത്തിരിക്കുന്നത്. ഇതിനായി ജില്ലയിലെ 52 ടാക്‌സികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഹൃദ്യം പദ്ധതിയിലൂടെ കോഴിക്കോട് ജില്ലയില്‍ മാത്രമായി 71 ശസ്ത്രക്രിയകള്‍ നടത്തി. സംസ്ഥാനത്താകെ 800ഓളം ശസ്ത്രക്രിയകളാണ്‌നടത്തിയത്. നിപ്പാ വൈറസ് സമയത്ത് പ്രവര്‍ത്തിച്ച താല്‍ക്കാലിക ജീവനക്കാരെ ഒഴിവ് വരുന്ന തസ്തികകളില്‍ മുന്‍ഗണന നല്‍കി നിയമനം നടത്തും. നിലവില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗവ. മെഡിക്കല്‍ കോളെജില്‍ ത്രിതല കാന്‍സര്‍ സെന്ററില്‍ ഒരു കോടി 75 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ഡിജിറ്റല്‍ മാമോഗ്രാം, 55 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച 4ഡി അള്‍ട്രാസൗണ്ട് വിത്ത് കളര്‍ ഡോപ്ലര്‍, 12 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച കമ്പ്യൂട്ടര്‍ റേഡിയോഗ്രാഫി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസില്‍ ഒരു കോടി 15 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട്, 12 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ഡിജിറ്റല്‍ എക്‌സ് റേ, ഗവ. ദന്തല്‍ കോളെജില്‍ ഒരു കോടി 10 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച കോണ്‍ ബീം സി.ടി. ആന്റ് അള്‍ട്രാസോണോഗ്രാഫി യൂണിറ്റ്, കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് സി.ടി. സ്‌കാന്‍ സെന്റര്‍, കൂടാതെ ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ പദ്ധതികളായ മാതൃയാനം, ഹൃദ്യം പദ്ധതി – കുടുംബ സംഗമം, സിക്ക് ന്യൂബോണ്‍ ബേബി കെയര്‍ യൂണിറ്റ്, ഐ.ആര്‍.എല്‍ ലാബ്, പീഡിയാട്രിക് കാര്‍ഡിയോ വാസ്‌കുലര്‍ തൊറാസിക് സര്‍ജറി വാര്‍ഡ് എന്നിവയുടെ ഉദ്ഘാടനവും, മാതൃയാനം ലോഗോ പ്രകാശനവും ബര്‍ദമാന്‍ ആഗ്രോ പ്രോഡക്ട്‌സ് ഇന്ത്യ ലിമിറ്റഡ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് അനുവദിച്ച ആംബുലന്‍സിന്റെ താക്കോല്‍  ഏറ്റുവാങ്ങലുമാണ് മന്ത്രി നിര്‍വഹിച്ചത്.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗവ. ദന്തല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഗില്‍സ.കെ. വാസുണ്ണി, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി. സജീത്ത് കുമാര്‍, കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് മാനേജിംഗ് ഡയറക്ടര്‍ അശോക് ലാല്‍ജി, കൗണ്‍സിലര്‍ ഷെറീന വിജയന്‍, അഡീഷണല്‍ ഡി.എച്ച്.എസ് ആന്റ് സ്റ്റേറ്റ് ടി.ബി. ഓഫീസര്‍ ഡോ. സുനില്‍കുമാര്‍, ആരോഗ്യ സര്‍വ്വകലാശാല സെനറ്റ് മെമ്പര്‍ എം മുരളീധരന്‍, നെഞ്ചുരോഗ ആശുപത്രി സൂപ്രണ്ട് ഡോ.ടി.പി. രാജഗോപാല്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സൂപ്രണ്ട് ഡോ.കെ.എം. കുര്യാക്കോസ്, മാതൃ-ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. സി.ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി. രാജേന്ദ്രന്‍ സ്വാഗതവും ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ. നവീന്‍ നന്ദിയും പറഞ്ഞു.