സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രത്യേക സ്റ്റാള്‍

നിങ്ങള്‍ക്ക് വിവിപാറ്റിനെക്കുറിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടോ? ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വോട്ട് ചെയ്യുമ്പോള്‍ വിവിപാറ്റില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാമോ? നിങ്ങളുടെ സംശയങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്‌റേറഡിയത്തില്‍ ഒരുക്കിയിട്ടുള്ള ഇലക്ഷന്‍ വിഭാഗത്തിന്റെ സ്റ്റാള്‍. ഇലക്ട്രോണിക്ക് വോട്ടിങ് മെഷീന്‍ (ഇ.വി.എം) വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തന രീതി വിശദീകരിക്കുകയും സ്വയം വോട്ട് ചെയ്ത് പരിശോധിക്കുന്നതിനുള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്‌റേറഡിയത്തില്‍ ഒരുക്കിയിട്ടുള്ള ഇലക്ഷന്‍ വിഭാഗത്തിന്റെ സ്റ്റാള്‍

ഇലക്ട്രോണിക് വോട്ടിങ് മെഷീനോടൊപ്പം വിവിപാറ്റ് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) ഉള്‍പ്പെടുത്തിയാണ് 2019ലെ ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും പൂര്‍ണമായും വിവിപാറ്റ് ഉപയോഗിക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അതിനാല്‍ വിവിപാറ്റിനെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ 1000 ദിനാഘോഷത്തിന്റെ ഭാഗമായി സജ്ജമാക്കിയ സ്റ്റാളില്‍ തീര്‍ക്കാം.
ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ ഒരു ഭാഗമായ വിവിപാറ്റില്‍ രേഖപ്പെടുത്തിയ വോട്ട് സ്ഥാനാര്‍ഥിക്ക് തന്നെ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാം. നാം രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിക്ക് തന്നെയാണോ വോട്ട് ചെയ്തതെന്ന് ഉറപ്പാക്കാം. പ്രസ്തുത ചിഹ്നം വി വി പാറ്റില്‍ ഏഴു സെക്കന്റ് കാണാനാവും. രേഖപ്പെടുത്തുന്ന ഓരോ വോട്ടും വിവിപാറ്റിനുള്ളില്‍ പേപ്പര്‍ രൂപത്തില്‍ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അതിനാല്‍ വോട്ട് സംബന്ധിച്ച് പിന്നീട് തര്‍ക്കങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ വിവിവാറ്റിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന പേപ്പര്‍ വോട്ടുകള്‍ എണ്ണി സംശയങ്ങള്‍ ദൂരീകരിക്കാം. ഇ വി എം, വി വി പാറ്റ് എന്നിവയെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ അറിയുകയും സ്വയം വോട്ട് ചെയ്ത് മനസിലാക്കുകയും ചെയ്യാനുള്ള അവസരമാണ് ഇലക്ഷന്‍ വിഭാഗം ഒരുക്കിയിരിക്കുന്നത്.