കൃഷിയെ വ്യാവസായികമായി പുനരുദ്ധരിക്കുകയും കാര്‍ഷിക ഉല്‍പന്നങ്ങളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്താല്‍ മാത്രമേ കാര്‍ഷിക മേഖല പുരോഗതി പ്രാപിക്കുകയുള്ളൂ എന്ന തിരിച്ചറിവിന്റെ ഫലമായാണ് ബജറ്റില്‍ സര്‍ക്കാര്‍ കൃഷിക്കായി 2500 കോടി നീക്കിവെച്ചതെന്ന് കെ.വി.വിജയദാസ് എം.എല്‍.എ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച കൃഷി, മൃഗസംരക്ഷണം, മല്‍സ്യബന്ധനം വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ അരിയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന റൈസ് പാര്‍ക്കിന് 20 കോടി അനുവദിച്ചത്.

പ്രളയത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളില്‍ നിന്നുള്ള ധനസഹായം കെ.വി വിജയദാസ് എം.എല്‍.എ കര്‍ഷകര്‍ക്ക് കൈമാറുന്നു

നെല്‍കര്‍ഷകര്‍ക്ക് നെല്ല് സപ്ലൈകോയ്ക്ക് കൈമാറിയാലുടന്‍ പണം ലഭിക്കാറില്ല. ഇതിനു പരിഹാരമായി നെല്ല് സഹകരണബാങ്കുകള്‍ മുഖേന ശേഖരിക്കുകയും പണം കൈമാറുകയും ചെയ്യാനുള്ള സംവിധാനം ഉടന്‍ നിലവില്‍ വരും. സംസ്ഥാന സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 196000 ഹെക്ടര്‍ ആയിരുന്ന നെല്‍കൃഷി നിലവില്‍ 220000 ഹെക്ടറായി വ്യാപിപ്പിച്ചു. ക്ഷിരമേഖലയിലും സര്‍ക്കാര്‍ ഏറെ മുന്നിലാണ്. പ്രതിദിനം ഒമ്പത് ലക്ഷം ലിറ്റര്‍ പാല്‍ ഇറക്കുമതി ചെയ്തിരുന്നത് നിലവില്‍ 1.5 ലക്ഷമായി കുറയ്ക്കാന്‍ കഴിഞ്ഞു. സര്‍ക്കാരിന്റെ കര്‍ഷക സൗഹൃദ നയങ്ങള്‍ മൂലമാണ് കാര്‍ഷികമേഖലയില്‍ ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
പ്രളയത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളില്‍ നിന്നുള്ള ധനസഹായം എം.എല്‍.എ കര്‍ഷകര്‍ക്ക് കൈമാറി. സെമിനാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് ടി.ഉഷ, ഹരിതകേരളം മിഷന്‍ കണ്‍സള്‍ട്ടന്റ് ഡോ.സഞ്ജീവ്, ഡോ.ആര്‍.സുധി, മൃഗസംരക്ഷണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ രാജേശ്വരി, സി.കെ.മനോജ് എന്നിവര്‍ സംസാരിച്ചു.