ആശുപത്രിയിലെത്തുന്ന ഗര്‍ഭിണികള്‍ക്ക് മികച്ച സൗകര്യം ഒരുക്കി ആരോഗ്യകരമായ പുതുതലമുറയ്ക്ക് ജന്മം നല്‍കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ സജ്ജമാക്കുന്നതെന്ന് ആരോഗ്യ- സാമൂഹികക്ഷേമ- വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു പാലക്കാട് ജില്ലാ പഞ്ചായത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആശുപത്രിയുടെ ബോര്‍ഡില്‍ മാത്രമല്ല ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും എണ്ണത്തിലുള്ള വര്‍ദ്ധനവ്, അത്യാധുനിക ഉപകരണങ്ങള്‍, സുരക്ഷിതവും വൃത്തിയുള്ളതുമായ അന്തരീക്ഷം എന്നിവ ഒരുക്കി കൊടുത്താണ് ആര്‍ദ്രം മിഷനിലൂടെ കേരളത്തിലെ ആശുപത്രികള്‍ നവീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


കായകല്‍പം അവാര്‍ഡ് നേടുന്നതിനുള്ള സുരക്ഷിതവും സൗകര്യപ്രദവുമായ സൗകര്യങ്ങളൊരുക്കിയ ജില്ലാ പഞ്ചായത്തിനെയും മുഴുവന്‍ ആശുപത്രി അധികൃതരെയും ശുചീകരണ തൊഴിലാളികള്‍ അടക്കമുള്ള ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. അതിതീവ്ര പരിചരണ വിഭാഗം അടക്കം ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുള്ള മുഴുവന്‍ സൗകര്യങ്ങളും മന്ത്രി സന്ദര്‍ശിച്ചു. പ്രസവ വാര്‍ഡില്‍ ഉണ്ടായിരുന്ന നവജാതശിശുവിനെയും അമ്മയെയും സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. പരിപാടിയില്‍ ജില്ല പഞ്ചായത്ത് പ്രസിഡഡന്റ് അഡ്വ. കെ ശാന്തകുമാരി അധ്യക്ഷയായി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ ജയശ്രീ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ പി റീത്ത, ജില്ലപഞ്ചായത്ത് വൈസ് പ്രസിഡന്റ ടി. കെ നാരായണദാസ്, മെഡിക്കല്‍ കോളെജ് ഡയറക്ടര്‍ ഡോ. പത്മനാഭന്‍, എല്‍.എസ്.ജി.ഡി എക്സി. എന്‍ജിനീയര്‍ സുബ്രമണ്യന്‍, ഡോ. ബി.സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.