ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ 12 സ്ത്രീകള്‍ മാത്രം അണിനിരന്ന വേദിയില്‍ ‘അഭിമാനിനി’ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് നിര്‍മിക്കുന്ന ‘തൊഴില്‍ കേന്ദ്രത്തിലേക്ക്’ എന്ന സ്ത്രീ മുന്നേറ്റ നാടകത്തിന്റെ സിനിമ ആവിഷ്‌കാരമായ ‘അഭിമാനിനി’യുടെ സ്വിച്ച് ഓണ്‍ ആരോഗ്യ- സാമൂഹികനീതി -വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ. കെ ശൈലജ നിര്‍വഹിച്ചു. നവോത്ഥാനത്തിനു മുന്‍പ് സ്ത്രീകള്‍ ജീവിച്ചിരുന്ന ശോചനീയമായ അവസ്ഥയെക്കുറിച്ച് ഇന്നത്തെ സ്ത്രീകള്‍ ബോധവതികളായാല്‍ മാത്രമേ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാവുകയുള്ളൂ. പകര്‍ച്ചവ്യാധി പോലെ പടരുന്ന അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും ഇല്ലാതായാല്‍ മാത്രമേ സ്ത്രീകള്‍ക്ക് സമത്വം ലഭിക്കുകയുള്ളൂ എന്ന് മന്ത്രി പറഞ്ഞു.


ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അധ്യക്ഷയായി. ‘തൊഴില്‍ കേന്ദ്രത്തിലേക്ക്്’ എന്ന നാടകത്തിലെ മുഖ്യ സംഘാടകയായിരുന്ന ഗംഗാദേവി ടൈറ്റില്‍ റിലീസ്, ആദ്യ ക്ലാപ്പ് പ്രൊഫ. സി.പി ചിത്ര, അഭിമാനിനി’വെബ്സൈറ്റ് ഉദ്ഘാടനം വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ, ആദ്യ ഷോട്ട് ചിത്രീകരണം ‘തൊഴില്‍കേന്ദ്രത്തിലേക്ക് ‘നാടകത്തിലെ കഥാപാത്രം കാവുങ്കര ഭാര്‍ഗവി, ഗാനങ്ങളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റ് സുബൈദ ഇസഹാക്ക് എന്നിവര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ബിന്ദു സുരേഷ്, കെ ബിനുമോള്‍, ഗീതാ, ശ്രീജ സംസാരിച്ചു.

ജെന്‍ഡര്‍ റിസോഴ്സ് കേന്ദ്രം തുറന്നു
ജില്ലാ പഞ്ചായത്ത് രൂപവത്ക്കരിച്ച ജില്ലാതല ജെന്‍ഡര്‍ റിസോഴ്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനവും ആരോഗ്യ -സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. വനിതാ-വികസന ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശം, പിന്തുണ, പരിശീലനം, ഏകോപനം നല്‍കുന്നതിനുള്ള സംവിധാനമാണിത്. സ്ത്രീകളുടെ നൈപുണ്യ വികസനത്തിനും വിദഗ്ധ തൊഴില്‍ മേഖലകളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനും കേന്ദ്രം സഹായിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍ പി.സെയ്തലവി സംസാരിച്ചു.