സ്ഥലപരിമിതിയുള്ളവര്‍ക്ക് ഗാര്‍ഹിക മാലിന്യങ്ങള്‍ ചെലവ് കുറഞ്ഞ രീതിയിലൂടെ സംസ്‌ക്കരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ശുചിത്വമിഷന്‍ സ്റ്റാള്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയിലാണ് പ്രധാന ഗാര്‍ഹിക ജൈവ മാലിന്യ സംസ്‌ക്കരണ ഉപാധികളും അവയുടെ മോഡലുകളുമായി ശുചിത്വമിഷന്‍  സ്റ്റാള്‍  ക്രമീകരിച്ചിരിക്കുന്നത്. എയ്‌റോബിക് കമ്പോസ്റ്റ് ബിന്‍ (തുമ്പൂര്‍മുഴി മോഡല്‍), ബയോ ഡയജസ്റ്റര്‍ പോട്ട്, ഇ-വേസ്റ്റ് പ്ലാസ്റ്റിക് കളക്ഷന്‍ ബിന്‍, ജൈവസംസ്‌ക്കരണ ഭരണി, കിച്ചണ്‍ ബിന്‍ കമ്പോസ്റ്റിങ്ങ്, റിങ് കമ്പോസ്റ്റിങ്ങ്, ബയോ ബിന്‍, ബയോഗ്യാസ് പ്ലാന്റ്   എന്നിവയാണ് ചെലവു കുറഞ്ഞ പ്രധാന ജൈവ മാലിന്യ സംസ്‌ക്കരണ ഉപാധികള്‍.
 ജൈവ സംസ്‌ക്കരണത്തിനുതകും വിധം പ്രത്യേകം രൂപകല്‍പന ചെയ്ത കളിമണ്‍ ഭരണികള്‍ തട്ടുകളായി അടുക്കി വച്ചിട്ടുള്ളതാണ് ജൈവ സംസ്‌ക്കരണ ഭരണി. അജൈവ വസ്തുക്കള്‍ വലിച്ചെറിയരുത്, കത്തിക്കരുത്, തരം തിരിച്ച് സൂക്ഷിച്ച് പുനചംക്രമണത്തിന് കൈമാറുക , ജൈവ അവശിഷ്ടങ്ങള്‍ കമ്പോസ്റ്റ് ചെയ്ത് വളമാക്കി കൃഷിക്ക് ഉപയോഗിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ശുചിത്വമിഷന്‍ വിവിധ ജൈവ മാലിന്യ സംസ്‌ക്കരന്ന ഉപാധികള്‍ മുന്നോട്ടുേവയ്ക്കുന്നത്. 400 രൂപ മുതലാണ് ഇത്തരം മാലിന്യ സംസ്‌ക്കരണ മാര്‍ഗങ്ങള്‍ക്ക് ചെലവ് വരുന്നത്.