ചാത്തന്നൂരും ലക്കിടിയിലും കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍
നൈപുണ്യ വികസനത്തിന് അവസരം ഒരുക്കിയാല്‍ മലയാളികള്‍ വലിയ നേട്ടം കൈവരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. പൊതുവിദ്യഭ്യാസ വകുപ്പിന്റെ കീഴില്‍ നടപ്പാക്കിയ അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) ന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ചാത്തന്നൂര്‍, ലക്കിടി എന്നിവിടങ്ങളില്‍ ആരംഭിച്ച സ്‌കില്‍ പാര്‍ക്കുകളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് ലഭ്യമായിരുന്ന അസാപിന്റെ സേവനങ്ങള്‍ പൊതു സമൂഹത്തിന് കൂടി ലഭ്യമാക്കുന്നതിനാണ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ (സി.എസ്.പി) തുടങ്ങുന്നത്. വിദ്യാഭ്യാസമേഖലയിലെ നിക്ഷേപമാണ് ഏറ്റവും വലുത്. രണ്ടുവര്‍ഷത്തിനകം പൊതുവിദ്യാഭ്യാസ രംഗത്ത് മുമ്പൊന്നും ഇല്ലാത്തത്ര വികസനമാണ് സംസ്ഥാനം നേടിയതെന്നും അദ്ദേഹം പറഞ്ഞു.
15 കോടി ചെലവഴിച്ചാണ് ഓരോ സ്‌കില്‍ പാര്‍ക്കും നിര്‍മിച്ചത്. ദേശീയ-അന്തര്‍ദേശീയ പ്രശസ്തമായ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പൊതു-സ്വകാര്യ പങ്കാളിത്ത രീതിയില്‍ കുറഞ്ഞ ഫീസ് ഈടാക്കി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ നടത്താനുള്ള സംവിധാനങ്ങളാണ് സ്‌കില്‍ പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ തുടങ്ങുന്ന ഒമ്പത് പാര്‍ക്കുകളില്‍ രണ്ടെണ്ണം ജില്ലയിലാണ്. സി.എസ്.പി കാംപസില്‍ നടന്ന പരിപാടിയില്‍ വി ടി ബല്‍റാം എം.എല്‍.എ അധ്യക്ഷനായി. അസാപ്പ് ഡയറക്ടര്‍ ജേക്കബ് സാമുവല്‍, കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഡയറക്ടര്‍ അനില്‍ പ്രസാദ്, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍ പങ്കെടുത്തു.
