ആലപ്പുഴ: കലവൂർ പാതിരപ്പള്ളി കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് അങ്കണത്തിൽ പണിപൂർത്തീകരിച്ച നോൺ ബീറ്റാലാക്ടം പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സർക്കാർ ആശുപത്രികളിലേക്കുള്ള 158 മരുന്നുകൾ ഉൽപ്പാദിപ്പിക്കാൻ കെ.എസ്.ഡി.പിയെ പര്യാപ്തമാക്കുന്നതാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പ്ലാന്റ്. വ്യവസായ വകുപ്പുമന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് 50000 കോടി രൂപ ചെലവഴിച്ച് സർക്കാർ വികസന പ്രവർത്തനങ്ങളുടെ ചാലക ശക്തിയായി മാറിയെന്ന് മന്ത്രി പറഞ്ഞു.
കെ.എസ്.ഡി.പി.യിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. മരുന്നിന്റെ പേരിൽ രോഗികളെ കൊള്ള ചെയ്യാൻ അനുവദിക്കില്ല. വിപണിയിലെ മരുന്നിന്റെ വിലക്കയറ്റം മരുന്നുൽപ്പാദനത്തിലൂടെ നിയന്ത്രിക്കാൻ സാധിക്കും. പുതിയ പ്ലാൻറ് സ്ഥാപിക്കുക വഴി 100 പേർക്കെങ്കിലും തൊഴിൽ ലഭ്യമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബ്ലിസ്റ്റർ ആൻഡ് കാർട്ടനേറ്റർ പ്ലാന്റ് ഉദ്ഘാടനവും വ്യവസായ മന്ത്രി നിർവഹിച്ചു. നെല്ലുല്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടനാട്, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ റൈസ് പാർക്ക് സ്ഥാപിക്കും. നെല്ല് കർഷകരിൽ നിന്ന് സംഭരിച്ച് അരിയാക്കി പാക്കറ്റുകളിലാക്കി സിവിൽ സപ്ലൈസ്, കൺസ്യൂമർഫെഡ് വഴി വിൽക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുമേഖല ലാഭത്തിലേക്ക് വരികയാണ്. ഓട്ടോകാസ്റ്റ് ലാഭത്തിലായതായും
സർക്കാർ പദ്ധതിയുടെ ഭാഗമായി, അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയരായ രോഗികൾക്കുള്ള മരുന്നുകൾ സൗജന്യമായി നിർമിച്ചു നൽകുന്ന കെ.എസ്.ഡി.പി. ട്രാൻസ് പ്ലാന്റ് മെഡിസിൻ ലോഞ്ചിങ് പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ നിർവഹിച്ചു.
ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 30 കോടി വിറ്റുവരവുണ്ടായിരുന്ന കെ.എസ്.ഡി.പി ഈവർഷം ലക്ഷ്യമിടുന്നത് 150 കോടി രൂപയാണെന്ന് ധനമന്ത്രി ടി. എം. തോമസ് ഐസക് പറഞ്ഞു. ഇതിൽ 100 കോടി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നിന്നുള്ള ഓർഡറാണ്. അടുത്തവർഷം ക്യാൻസർ മരുന്നുകളുടെ ഉൽപാദനം കൂടി ആരംഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. നോൺ ബീറ്റാലാക്ടം ഇഞ്ചക്ഷൻ പ്ലാന്റ് നിർമാണം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
കെ.എസ്.ഡി.പി. ചെയർമാൻ സി.ബി.ചന്ദ്രബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ യു.പ്രതിഭ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജില്ല കളക്ടർ എസ്.സുഹാസ്, പ്ലാനിങ് ബോർഡ് മെമ്പർ ഡോ.ബി.ഇക്ബാൽ, റിയാബ് ചെയർമാൻ എൻ.ശശിധരൻ നായർ, ഡോ.എസ്.ആർ.ദിലീപ് കുമാർ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമതി അധ്യക്ഷൻ കെ.ടി.മാത്യു, ജനപ്രതിനിധികളായ ജുമൈലത്ത്, ഷീന സനൽകുമാർ, എൻ.പി.സ്‌നേഹജൻ, ഇന്ദിര തിലകൻ, കവിത ഹരിദാസ്, കെ.എസ്.ഡി.പി മാനേജിങ് ഡയറക്ടർ എസ്.ശ്യാമള, കയർബോർഡ് മുൻ ചെയർമാൻ ആർ.നാസർ എന്നിവർ പ്രസംഗിച്ചു.