* വരൾച്ചയെ നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കും
സംസ്ഥാന ജല അതോറിറ്റി അടുത്ത രണ്ടുവർഷത്തിനുള്ളിൽ നാലുലക്ഷം പുതിയ കണക്ഷനുകൾ നൽകുമെന്ന് ജലവിഭവമന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കടുത്ത വരൾച്ച മുന്നിൽകണ്ട് കുടിവെള്ളക്ഷാമം നേരിടുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിക്കും. 7608.90 കോടി രൂപയുടെ 541 പദ്ധതികളാണ് ജല അതോറിറ്റിയുടേതായി പുരോഗമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2000 കോടിയുടെ പദ്ധതികൾ അനുമതിയുടെ വിവിധ ഘട്ടങ്ങളിലാണ്. ഈ പദ്ധതികൾകൂടി പൂർത്തീകരിക്കുമ്പോൾ 1741 ദശലക്ഷം ലിറ്റർ ജലംകൂടി വിതരണത്തിനായി ലഭ്യമാകും. ജലസ്രോതസ്സുകളിൽ തടയണകളും നീർച്ചാലുകളും നിർമിക്കുന്നതിനും ജലശുദ്ധീകരണശാലകളുടെ സ്ഥാപിതശേഷി പൂർണമായും ഉപയോഗിക്കുന്നതിന് ആവശ്യമായ പുനരുദ്ധാരണപ്രവൃത്തികൾ നടത്തുന്നതിനും നടപടികളെടുക്കും. അടിക്കടി പൊട്ടുന്ന പുതിയ വിതരണലൈനുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനും കേടുവന്ന പമ്പുസെറ്റുകളുടെ അറ്റകുറ്റപ്പണികൾ നടത്തി പമ്പിംഗ് കാര്യക്ഷമമാക്കുന്നതിനും നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വിതരണശൃംഖലയുടെ അപര്യാപ്തതമൂലം കാര്യക്ഷമമായി ഉപയോഗിക്കാതിരുന്ന 1000എംഎൽഡി ശുദ്ധീകരണസ്ഥാപിതശേഷി ഫലപ്രാപ്തിയിലെത്തിക്കുന്നതിന് ധനകാര്യസ്ഥാപനങ്ങളുടെ സഹായത്തോടെയും ജലനിധി, ജല അതോറിറ്റി, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ചേർന്നുകൊണ്ട് ബൾക്ക് വാട്ടർ സപ്‌ളൈ മോഡൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നാല്പത് ശതമാനത്തോളംവരുന്ന വിതരണനഷ്ടം കുറയ്ക്കുന്നതിന് സാങ്കേതികവിദ്യയുടെ സഹായത്തോടെ ജലവിതരണ കാര്യക്ഷമത ഉറപ്പാക്കും.
പ്രളയത്തെ തുടർന്നുണ്ടായ ഇറിഗേഷൻ സ്ട്രച്ചേഴ്‌സിന്റെ പുനർനിർമാണത്തിന് 537 കോടിരൂപ ജലസേചനവകുപ്പിന് അനുവദിച്ചു. പ്രവൃത്തികൾ മേയ് മാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന് കർശനനിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

ജലസേചനവകുപ്പിന്റെ പ്രവൃത്തികൾ കർഷകരുടെ ആവശ്യാനുസരണമാണെന്ന് ഉറപ്പുവരുത്താൻ 2003 ഇറിഗേഷൻ ആന്റ് വാട്ടർ കൺസർവേഷൻ ആക്ട് പ്രകാരമുള്ള ഫാർമേഴ്‌സ് അസോസിയേഷൻ സംസംസ്ഥാനവ്യാപകമായി രൂപീകരിക്കും. ജല ഉപഭോഗത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും കാർഷികോത്പാദനക്ഷമതയുടെ ഉയർച്ചയ്ക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള കമ്യൂണിറ്റി ഇറിഗേഷൻ വ്യാപകമായി നടപ്പിലാക്കും. തൃശ്ശൂർ, പാലക്കാട്, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ തിരഞ്ഞെടുത്ത പത്ത് പഞ്ചായത്തുകളിൽ ഇതിന്റെ പൈലറ്റ് പ്രോജക്ട് കൃഷിവകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കും. മുടങ്ങിക്കിടക്കുന്ന വൻകിട, ചെറുകിട പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. മൂവാറ്റുപുഴ ജലസേചനപദ്ധതി ഈ വർഷംതന്നെ കമ്മിഷൻ ചെയ്യും.
ജല അതോറിറ്റി കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ 423879 കണക്ഷനുകൾ നൽകി. ജലനിധി മുഖേന 845 കുടിവെള്ളപദ്ധതികൾ പൂർത്തിയാക്കി. 119411 പേർക്ക് കുടിവെള്ളം എത്തിച്ചു. 2016-17 വർഷം സംസ്ഥാനം നേരിട്ട കടുത്ത വരൾച്ചയിലും കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജല അതോറിറ്റിയ്ക്കു കഴിഞ്ഞു. അതിൽ ഏറ്റവും ശ്രദ്ധേയമായ നേട്ടം തിരുവനന്തപുരം നഗരത്തിലുണ്ടായ ജലക്ഷാമം വിജയകരമായി പരിഹരിച്ചതാണെന്നും മന്ത്രി പറഞ്ഞു.