കാര്‍ഷിക മേഖലയിലെ യന്ത്രവത്ക്കരണം ഉടന്‍ പൂര്‍ത്തിയാക്കും
: മന്ത്രി വി.എസ് സുനില്‍കുമാര്‍
കാര്‍ഷിക മേഖലയിലെ യന്ത്രവത്കരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും അഗ്രോ സര്‍വീസ് സെന്ററുകളും ഗ്രാമപഞ്ചായത്തുകളില്‍ കാര്‍ഷിക കര്‍മ്മ സേനയും ആരംഭിക്കുന്നതോടെ കാര്‍ഷിക മേഖലയുടെ പുതുയുഗം ആരംഭിക്കുമെന്നും കൃഷി വകുപ്പ് മന്ത്രി  വി എസ് സുനില്‍കുമാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് വൈക്കം ശ്രീരഞ്ജിനി ഓഡിറ്റോറിയത്തില്‍ വിവിധ കാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക പെന്‍ഷന്‍ വിതരണത്തില്‍ കേരളം ഇന്ത്യയില്‍ തന്നെ ഒന്നാമതാണ്. കര്‍ഷകരോടൊപ്പം നില്‍ക്കുന്ന ഒരു ഭരണകൂടമാണ് നമ്മുടേത്. എല്ലായിടത്തും കൃഷി, എല്ലാവരും കൃഷിക്കാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിക്കണം. സ്വയം പര്യാപ്തത ഉറപ്പാക്കാന്‍ കൂട്ടായ പ്രവര്‍ത്തനം അത്യാവശ്യമാണ്. സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കുമ്പോള്‍ കാര്‍ഷിക മേഖല നേട്ടങ്ങളുടെ കുതിപ്പിലാണ്. കാര്‍ഷിക വളര്‍ച്ചാ നിരക്ക് നെഗറ്റീവ് ഗ്രോത്തില്‍ നിന്നും പോസീറ്റിവിലേക്ക്  മാറി കഴിഞ്ഞു. കുട്ടനാട് പുഞ്ചകൃഷി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും 16,000 ഹെക്ടര്‍ തരിശു ഭൂമി കൃഷിയിടങ്ങളായി മാറ്റാനും കഴിഞ്ഞിട്ടുണ്ട്. 97 ശതമാനം വിഷ രഹിത പച്ചക്കറി കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നുവെന്നത് അഭിനന്ദനാര്‍ഹമായ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കേരഗ്രാമം പദ്ധതിയിലൂടെ തെങ്ങ് കൃഷി വ്യാപനം വര്‍ദ്ധിപ്പിച്ച് ഉത്പാദനം ഇരട്ടിയാക്കും. ഇതോടൊപ്പം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിന് പ്രധാന്യം നല്‍കും. കല്ലറ- വെച്ചൂര്‍ കനാല്‍ ആഴം വര്‍ദ്ധിപ്പിച്ച് നീരൊഴുക്ക് പുന:സ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി കിസ്സാന്‍ സമ്മാന്‍ നിധിയുടെ സംസ്ഥാന തല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പദ്ധതിയുടെ ആദ്യ ഗഡുവായ 2000 രൂപ തോട്ടകം സ്വദേശി ബൈജു.പിക്ക് മന്ത്രി കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അഞ്ചു ഏക്കര്‍ വരെ കൃഷി ഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷര്‍ക്ക് മൂന്ന് തുല്യ ഗഡുക്കളായി പ്രതിവര്‍ഷം 6000 രൂപാ നല്‍കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്  പ്രധാനമന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി. കര്‍ഷര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കുന്നു. കൃഷി ഭവനുകളില്‍ 100542 കര്‍ഷകരുടെ അപേക്ഷ ലഭിക്കുകയും 16801 എണ്ണം അപ് ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വൈക്കം ബ്ലോക്ക് അഗ്രോ സര്‍വീസ് സെന്റര്‍, ജില്ലാതല കേരഗ്രാമംപദ്ധതി, ജൈവ പച്ചക്കറി പദ്ധതി, ജില്ലാ തലത്തിലെ മികച്ച ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡ് വിതരണം, കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം  പരിപാടി എന്നിവയുടെ ഉദ്ഘാടനവും  അദ്ദേഹം നിര്‍വഹിച്ചു. സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍ പദ്ധതി വിശദീകരണം നടത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ കെ രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ
ഉഷാകുമാരി, സെബാസ്റ്റ്യന്‍ ആന്റണി, പി ശകുന്തള, പി.എസ് മോഹനന്‍,പി വി ഹരികുട്ടന്‍, സൗമ്യ അനൂപ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഉദയകുമാര്‍, വൈക്കം ബ്ലോക്ക് പഞ്ചായത്തംഗം മായ ഷാജി, തലയാഴം
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി റെജിമോന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ ജയശ്രീ ഐ എ എസ് സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രമോദ് ബി നന്ദിയും പറഞ്ഞു.
ഇതിനോട് അനുബന്ധിച്ച് വൈക്കം, കടുത്തുരുത്തി ക്കുകളിലെ ജൈവ കാര്‍ഷിക മേളയും പ്രദര്‍ശന സ്റ്റാളും സംഘടിപ്പിച്ചിരുന്നു. ആര്‍.എ.ആര്‍.എസ് കുമരകം അസോ. ഡയറക്ടര്‍ ഡോ റീന മാത്യു, കുമരകം കൃഷി വിജ്ഞാന കേന്ദ്രം കോര്‍ഡിനേറ്റര്‍ ഡോ.ജയലക്ഷ്മി.ജി,  ആര്‍ എആര്‍ എസ് കുമരകം റിട്ട. പ്രൊഫ ഡോ.ശശിധരന്‍ എന്‍.കെ, കുമരകം കൃഷി വിജ്ഞാന കേന്ദ്രം അസി.പ്രൊഫ ഡോ. ദേവി വി.എസ് എന്നിവര്‍ കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖവും സെമിനാറും നയിച്ചു.