എടച്ചേരി ഗ്രാമപഞ്ചായത്തിനെ അടുത്ത വര്‍ഷം ക്ഷീരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മൃഗസംരക്ഷണം, വനം, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ .കെ രാജു പറഞ്ഞു. എടച്ചേരി ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാല്‍ വില ലഭിക്കുന്നത് കേരളത്തിലാണ്. പാല്‍ ഉല്‍പാദന മേഖല മെച്ചപ്പെടുത്താനായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ്. ക്ഷീര മേഖലയില്‍ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ക്ഷീരമേഖലയിലും മൃഗസംരക്ഷണ മേഖലയിലും തദ്ദേശ സ്ഥാപനങ്ങള്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. സംസ്ഥാനത്ത് കന്നുകാലികളുടെ എണ്ണം കുറയുകയാണ്.  ഇത് പരിഹരിക്കേണ്ടതുണ്ട് ക്ഷീര മേഖല സ്വയം പര്യാപ്തമാവേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പശു, ആട്, കോഴി എന്നിവയെയൊക്കെ വീടുകളില്‍ വളര്‍ത്തി പഴയകാല പെരുമ വീണ്ടെടുക്കണം. സര്‍ക്കാറിന്റെ 4 മിഷനുകള്‍ വഴി സമഗ്രമായ മാറ്റവും പുരോഗതിയുമാണുണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 41 ലക്ഷം രൂപ ചെലവില്‍ ഒമ്പത് മാസം കൊണ്ട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷന്‍ സ്വാഗതം പറഞ്ഞു.
ഇ.കെ വിജയന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ .കെ.വി ഉമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി കെ രാജന്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് കെ.ടി ഷൈനി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ ലിസ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ ഗംഗാധരന്‍ മാസ്റ്റര്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.