പ്രളയത്തിനു ശേഷം നദികളുടെ തീരങ്ങളില്‍ അടിഞ്ഞുകൂടിയ മണല്‍ സംരക്ഷിച്ചാല്‍ ഭൂമിയിലെ ജലനിരപ്പ് ഉയര്‍ത്തി ഭാരതപ്പുഴയെ പുനരുജ്ജീവിപ്പിക്കാമെന്ന് സെമിനാര്‍ വ്യക്തമാക്കി. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ‘പ്രകൃതി, ഹരിതം, ഭാരതപ്പുഴ പുനരുജ്ജീവനം’ വിഷയത്തില്‍ നടന്ന സെമിനാര്‍ സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പ്രകൃതിയില്‍ കാലാവസ്ഥാ മാറ്റം വളരെയേറെ പ്രകടമാണ്. പുഴയുടെ ഒഴുക്ക്, ദിശ എന്നിവയില്‍ മാറ്റമുണ്ടായ സ്ഥലങ്ങളിലും നിലം പരിവര്‍ത്തനപ്പെടുത്തിയ സ്ഥലങ്ങളിലുമാണ് പ്രളയത്തില്‍ ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഇതുമൂലം വെള്ളത്തെ ഭൂമിയില്‍ തടഞ്ഞു നിര്‍ത്താനാവാതെ വരുന്നതിന്റെ ഫലമായാണ് ഇന്ന് വരള്‍ച്ചയെ നേരിടേണ്ടി വരുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സബ്കലക്ടര്‍ പറഞ്ഞു.
പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലൂടെ ഒഴുകുന്ന ഭാരതപ്പുഴയുടെ പുനരുജ്ജീവനത്തിന് മൂന്നു ജില്ലകളുടെ കൂട്ടായ ശ്രമം ആവശ്യമാണ്. ചെറിയ നീര്‍ത്തടങ്ങളുടെ ജലപോഷണം, നദീതീരങ്ങളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കല്‍, പുഴയുടെ കൈയേറിയ തീരങ്ങള്‍ തിരിച്ചു പിടിക്കല്‍ എന്നിവ നദികളുടെ പുനരുജ്ജീവനത്തിന് ഏറെ അത്യാവശ്യമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കു വഹിക്കാനാവുമെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി.
ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിനാറില്‍ പ്രൊഫ.പി.കെ.രവീന്ദ്രന്‍ അധ്യക്ഷനായി. ഐ.ആര്‍.ടി.സി ഡയറക്ടര്‍ ഡോ.ശ്രീകുമാര്‍, വി.ജി.ഗോപിനാഥ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന മന്ത്രിസഭാ 1000 ദിനം: 1000 പേര്‍ക്ക് ഗ്ലൂക്കോമീറ്റര്‍
സാമൂഹികനീതി വകുപ്പിന്റെ കീഴില്‍ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 1000 പേര്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും ഒറ്റപ്പാലം സബ്കലക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിലാണ് ഉദ്ഘാടനം ചെയ്തത്.

വയോമിത്രം പദ്ധതിയുടെ ഭാഗമായുള്ള ഗ്ലൂക്കോമീറ്റര്‍ വിതരണോദ്ഘാടനവും ഒറ്റപ്പാലം സബ്കലക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിക്കുന്നു