സഹകരണ വകുപ്പ് കെയർഹോം പദ്ധതിയിൽ പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം ജില്ലാതല ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കൽപ്പറ്റ ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സി.കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നിർമാണം പൂർത്തിയായ ആറു വീടുകളുടെ താക്കോൽദാനവും അദ്ദേഹം നിർവഹിച്ചു. സമയബന്ധിതമായി വീടുപണി പൂർത്തീകരിച്ച സഹകരണ സംഘങ്ങളെ ഒ.ആർ കേളു എംഎൽഎ ആദരിച്ചു. ജോയിന്റ് രജിസ്ട്രാർ (ജനറൽ) പി. റഹീം റിപോർട്ട് അവതരിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം) കൃഷ്ണദാസൻ, ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ പി. ഗോപകുമാർ, പി.വി സഹദേവൻ,സഹകാരികൾ,ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രളയാനന്തര കേരളത്തിന്റെ പുനഃസൃഷ്ടിക്കായി കെയർഹോം പദ്ധതിയിലൂടെ സഹകരണ വകുപ്പ് ജില്ലയിൽ 84 വീടുകളാണ് നിർമിച്ചു നൽകുന്നത്. 743 ആളുകൾക്ക് പ്രളയത്തിൽ വീട് നഷ്ടപ്പെട്ടെന്നാണ് കണക്ക്. പഞ്ചായത്ത് തലത്തിൽ ലിസ്റ്റുണ്ടാക്കി ഗുണഭോക്താക്കളെ നറുക്കിട്ട് തിരഞ്ഞെടുക്കുകയായിരുന്നു. മാനന്തവാടി നിയോജക മണ്ഡലത്തിൽ 43, കൽപ്പറ്റയിൽ 34, സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ഏഴ് ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുത്തത്. ഡിസംബർ 23ന് തറക്കല്ലിട്ട വീടുകളിൽ 28 എണ്ണത്തിന്റെ മേൽക്കൂര പൂർത്തിയായി. മാർച്ച് പതിനഞ്ചിനകം ഈ വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറും. 28 വീടുകളുടെ പ്രവൃത്തി ലിന്റൽ പൊക്കത്തിൽ എത്തിനിൽക്കുകയാണ്. മാർച്ച് മുപ്പത്തിയൊന്നിനകം ഈ വീടുകളും ഏപ്രിൽ ഇരുപതിനുള്ളിൽ ശേഷിക്കുന്ന വീടുകളും ഗുണഭോക്താക്കൾക്ക് കൈമാറാനാണ് സഹകരണവകുപ്പ് ലക്ഷ്യംവയ്ക്കുന്നത്. 500 സ്‌ക്വയർഫീറ്റ് വിസ്തൃതിയിൽ നിർമിക്കുന്ന വീടൊന്നിന് അഞ്ചുലക്ഷം വരെയാണ് ചെലവ്.
