കൊച്ചി: സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ‘സഹസ്രം 2019’ പ്രദർശന പരിപാടിയിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ‘പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിവാരണ നിയമം – പ്രസക്തിയും വെല്ലുവിളികളും’ എന്ന വിഷയത്തിൽ ശില്പശാല നടത്തി. ജോൺ ഫെർണാണ്ടസ് എംഎൽഎ ശില്പശാല ഉദ്ഘാടനം ചെയ്തു. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ സൗജന്യങ്ങൾ സ്വീകരിക്കാനുള്ളവരാണ് എന്ന പഴയ ധാരണയിൽ നിന്നും ഇപ്പോൾ മാറ്റമുണ്ടായി. അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പദ്ധതികളും തൊഴിൽ പരിശീലന പരിപാടികളും നടപ്പാക്കി, അവർക്ക് വിജയം നേടുന്നതിന് സർക്കാർ അവസരമൊരുക്കി. 23,801 പട്ടികജാതി കുടുംബങ്ങൾക്ക് പുതിയ വീടുകൾ അനുവദിച്ചു. അതിൽ 15,171 വീടുകൾ പൂർത്തിയാക്കി. ലൈഫ് മിഷനിൽ ഇവർക്കായി 6130 വീടുകളും അനുവദിച്ചു.
രണ്ടര വർഷത്തെ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് തൊഴിൽ നൈപുണ്യം നേടുക എന്ന ലക്ഷ്യത്തോടെ പരിശീലന പദ്ധതികൾ നടപ്പാക്കി വരുന്നത്. ഈ വിഭാഗക്കാർക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ നിയമം കൊണ്ടുവരികയും, അത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും, ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ അതിനായി പ്രാപ്തരാക്കുകയും ചെയ്യാനും സർക്കാരിന് കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു.
പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ. പി. പുഗഴേന്തി ഐഎഫ്എസ് സെമിനാറിന് അധ്യക്ഷത വഹിച്ചു. മുൻ സ്പെഷ്യൽ ഗവ. പ്ലീഡർ അഡ്വ. പി.കെ ശാന്തമ്മ ‘പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം നിവാരണ നിയമം – പ്രസക്തിയും വെല്ലുവിളികളും’ എന്ന വിഷയത്തിലും, പട്ടികജാതി വികസന വകുപ്പ് ലെയ്സൺ ഓഫീസർ അൻവർ എൻ.എച്ച് ‘അതിക്രമം തടയൽ – പുനരധിവാസവും ധനസഹായവും’ എന്ന വിഷയത്തിലും സെമിനാറുകൾ അവതരിപ്പിച്ചു. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിനായി ചെയ്യേണ്ട കാര്യങ്ങളും ലഭിക്കുന്ന നിയമ സഹായങ്ങളും അഡ്വ. പി.കെ ശാന്തമ്മ വിശദീകരിച്ചു. പുതിയ നിയമ ഭേദഗതി അനുസരിച്ച് ഈ വിഭാഗക്കാരോടുള്ള ഉത്തരവാദിത്വത്തിൽ പിഴവ് വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കേസ് നൽകാൻ സാധിക്കും. കേസ് നടത്തുന്നതിനായി വക്കീലിനെ വേണമെന്നുണ്ടെങ്കിൽ മുഴുവൻ ചെലവും സർക്കാർ വഹിക്കുന്നതാണെന്നും സെമിനാറിൽ പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷങ്ങളായി ജില്ലയിൽ ഒരു കോടി 15 ലക്ഷം രൂപയാണ് അതിക്രമ നിവാരണ നിയമത്തിന് കീഴിൽ ഇരകൾക്ക് ലഭ്യമാക്കിയത്. ജാതിയുടെ പേരിലുള്ള അക്രമം നേരിടുന്നവരുടെ പുനരധിവാസം എസ്.സി/ എസ്.ടി പ്രമോട്ടർമാരുടെ ഉത്തരവാദിത്വമാണെന്നും ഇതിനെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നത് അനുസരിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതാണെെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസർ ജോസഫ് ജോൺ പറഞ്ഞു.
പട്ടികജാതി യുവാക്കൾക്കായി ജൻ ശിക്ഷൺ സൻസ്ഥാൻ നടപ്പിലാക്കിയ സിസിടിവി ടെക്നീഷ്യൻ പരിശീലനം പൂർത്തിയാക്കിയവർക്കായുള്ള സർട്ടിഫിക്കറ്റുകൾ സംസ്ഥാന ഉപദേശക സമിതി അംഗം എം.കെ ശിവരാജൻ വിതരണം ചെയ്തു. ജൻ ശിക്ഷൺ സൻസ്ഥാൻ പറവൂർ കേന്ദ്രത്തിൽ നിന്നും 60 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. പട്ടികവർഗ്ഗ യുവാക്കൾക്കായി കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ട് മുഖേന നടപ്പിലാക്കുന്ന ഓട്ടോമൊബൈൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനവും പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നൽകുന്ന നൂതന വായ്പാ പദ്ധതിയുടെ വിതരണവും സെമിനാറിൽ നടന്നു.
സംസ്ഥാന ഉപദേശക സമിതി അംഗം മുളവുകാട് തങ്കപ്പൻ, കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ രാജു എം.എൻ, ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ സി.ജി മേരി, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ ജി. അനിൽകുമാർ, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ കൊച്ചി സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി.ആർ രാജേഷ്, അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസ ജെ. മങ്ങാട്ട്, പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ജില്ലാ മാനേജർ ബിജു സി. തോമസ്, എസ്.സി/ എസ്. ടി പ്രമോട്ടർമാർ, വകുപ്പിന് കീഴിൽ വിവിധ പരിശീലനം ലഭിച്ച യുവതിയുവാക്കൾ, പട്ടികജാതി ഉപദേശക സമിതി അംഗങ്ങൾ, വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി അംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സെമിനാറിൽ പങ്കെടുത്തു.