ജില്ലയിലെ കാപ്പികർഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് സ്ഥാപിക്കുന്ന കാർബൺ ന്യൂട്രൽ വില്ലേജ് കോഫീ പാർക്കിന്റെ ഉദ്ഘാടനം മാർച്ച് രണ്ടിന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ നിർവ്വഹിക്കും. കൽപ്പറ്റ വിജയ പമ്പ് പരിസരത്ത് രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വയനാടൻ കാപ്പി ബ്രാന്റ് ചെയ്യുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി കൽപ്പറ്റയിൽ സ്പെഷ്യൽ ഓഫീസ് തുടങ്ങും. ഇതിനായി സ്പെഷ്യൽ ഓഫീസർ, രണ്ട് കൺസൾട്ടന്റ്മാർ എന്നിവരെ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന കാപ്പി മലബാർ കാപ്പിയെന്ന പേരിൽ ബ്രാന്റ് ചെയ്ത് വിൽപന നടത്തുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. കാപ്പി കൃഷി പ്രോത്സാഹനത്തിനായി 150 കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.
വയനാടൻ കാപ്പി ബ്രാന്റ് ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിൽ നൂറ് ഏക്കർ സ്ഥലത്ത് പ്രത്യേകം കാർബൺ ന്യൂട്രൽ മേഖല ഒരുക്കി കാപ്പി കൃഷി ചെയ്യും. ഇതിനായി ഭൂമി കണ്ടെത്താൻ കിൻഫ്രയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കാർബൺ ന്യൂട്രൽ മേഖലയിലെ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ വൻ ഡിമാന്റും ഉയർന്ന വിലയുമാണ് ലഭിക്കുന്നത്. കാർബണിന്റെ അളവ് കുറക്കുന്നതിന് ജില്ലയിൽ 1.5 ലക്ഷം കാപ്പി ചെടികൾ നട്ടുപിടിപ്പിക്കാനും വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. മൂന്ന് വർഷം കൊണ്ട് വിളവെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം കർഷകരിൽ നിന്ന് കാപ്പിക്കുരു മാന്യമായ വില നൽകി കോഫീ പാർക്കിൽ ശേഖരിക്കും. പാർക്കിൽ സ്ഥാപിക്കുന്ന ഫാക്ടറിയിൽ ഉൽപാദിപ്പിക്കുന്ന കാപ്പി ബ്രാന്റ് ചെയ്ത് വിപണിയിലെത്തിക്കും. കാപ്പി കൃഷി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പ്രതിസന്ധിയിലായ കർഷകർക്ക് വരുമാന വർദ്ധനവും ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് ആദ്യമായി കാർബൺ ന്യൂട്രൽ വില്ലേജ് കോഫീ പാർക്ക് ജില്ലയിൽ സ്ഥാപിക്കുന്നത്.
കോഫീ പാർക്കിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളിൽ സി.കെ ശശീന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ സ്വാഗതസംഘം രൂപീകരണ യോഗം ചേർന്നു. സ്വാഗതസംഘം ചെയർ പേഴ്സണായി കൽപ്പറ്റ നഗരസഭാ ചെയർപേഴ്സനെയും കൺവീനറായി ജില്ലാ കളക്ടറെയും ചുമതലപ്പെടുത്തി. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാരും ജില്ലാതല ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അംഗങ്ങളായിരിക്കും. യോഗത്തിൽ എ.ഡി.എം കെ. അജീഷ്, വ്യവസായ വകുപ്പ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആർ. രാധാകൃഷ്ണൻ നായർ, കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കറുത്തമണി, ജില്ലതല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.