ശക്തമായ വാക്കുകളിലൂടെയും വ്യക്തമായ അവതരണത്തിലൂടെയും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെയും നവോത്ഥാന നായകരെയും പ്രസ്ഥാനങ്ങളെയും കൃത്യമായി അടയാളപ്പെടുത്തി നവകേരളത്തിനായുള്ള നവോത്ഥാനം എന്ന പുസ്തകം പുറത്തിറങ്ങി. കേരളത്തിന്റെ നവോത്ഥാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗങ്ങളും വാർത്താസമ്മേളനങ്ങളും കോർത്തിണക്കിയാണ് ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
മൂന്നു ഭാഗങ്ങളിലായി 19 അധ്യായങ്ങളുണ്ട്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, നവോത്ഥാനത്തിന്റെ പുതുഭൂമിക, ലിംഗസമത്വത്തിനും നവോത്ഥാന തുടർച്ചയ്ക്കുമുള്ള സ്ത്രീ മുന്നേറ്റം എന്നിവയാണ് ആദ്യ ഭാഗത്തുള്ളത്. ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ, വക്കം ഖാദർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരെക്കുറിച്ച് മുഖ്യമന്ത്രി വിവിധ വേദികളിൽ സംസാരിച്ചതിന്റെ വിശദാംശങ്ങൾ പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ക്ഷേത്രപ്രവേശനത്തിന്റെ വഴികളെക്കുറിച്ചും ഒരു അധ്യായത്തിൽ പ്രതിപാദിക്കുന്നു. ശബരിമല സ്ത്രീ പ്രവേശനവും തീർത്ഥാടനവുമായി ബന്ധപ്പെട്ട സർക്കാർ നിലപാടുകളാണ് മൂന്നാം ഭാഗത്തിലുള്ളത്. വർഗീയതയോടു പൊരുതാൻ ഗുരു തന്ന ആയുധമായാണ് ജാതിയില്ലാ വിളംബരത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്.
”സമരപരമ്പരകളിലൂടെയാണ് നാം ഇന്നു കാണുന്ന ഈ കേരളത്തെ രൂപപ്പെടുത്തിയത്. പുതിയ തലമുറ ചരിത്രത്തിന്റെ ആ വഴികൾ മറന്നു പോകരുതെന്ന്” ഒരു അധ്യായത്തിൽ മുഖ്യമന്ത്രി ഓർമിപ്പിക്കുന്നു. ലിംഗസമത്വവും സാമൂഹ്യ നീതിയും മതനിരപേക്ഷതയും ശാസ്ത്രബോധവും പുരോഗമനവീക്ഷണവും ചേർന്നുള്ള നവകേരള മുന്നേറ്റത്തെയും നവോത്ഥാനത്തെയും പറ്റിയുള്ള മുഖ്യമന്ത്രിയുടെ ചിന്തകളാണ് പുസ്തകം പങ്കുവയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾ എന്നതിലുപരി ചരിത്രത്തെ അടയാളപ്പെടുത്തുന്ന പുസ്തകം കൂടിയാണിത്.