ആരോഗ്യ വകുപ്പിൽ ഇ ഓഫീസ് സംവിധാനം ഫയൽ നീക്കം കാര്യക്ഷമമാക്കിയതായും ഇ ഓഫീസ് സൂപ്പർ യൂസർ പദവിക്ക് വകുപ്പ് അർഹമാണെന്നും ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ അനക്‌സ് ബ്‌ളോക്ക്, ഗസ്റ്റ് ഹൗസ് കോംപ്ലക്‌സ്, ഇ ഓഫീസ് എന്നിവയുടെ ഉദ്ഘാടനം മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നിർവഹിക്കുകയായിരുന്നു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ഫയൽ നീക്കം കാര്യക്ഷമമായിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ 4461 ഉം ആലപ്പുഴയിൽ മൂവായിരത്തിലധികവും ഇ ഫയലുകളിലാണ് തീർപ്പായത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 3804 ഇ ഫയലുകൾ തീർപ്പായി. മെഡിക്കൽ കോളേജുകളിൽ വലിയ വികസന പദ്ധതികളാണ് വരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 717 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പ്രവൃത്തികൾക്ക് തുടക്കമായിട്ടുണ്ട്. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.
നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്. എസ്. സിന്ധു അധ്യക്ഷത വഹിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാബീവി, ജോ. ഡയറക്ടർമാരായ ഡോ. കെ. ശ്രീകുമാരി, ജോളി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, സൂപ്രണ്ട് ഡോ. ഷർമദ്, സ്‌പെഷ്യൽ ഓഫീസർ ഡോ. എം. കെ. അജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
