പൊതുജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനായി മികച്ച ഓഫീസ് അന്തരീക്ഷമൊരുക്കി ജില്ലാ പഞ്ചായത്ത്. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച ഭരണവിഭാഗം ഫ്രണ്ട് ഓഫീസുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് അധ്യക്ഷനായി.
2018 ഡിസംബറില്‍ ആരംഭിച്ച ഓഫീസ് നവീകരണ പ്രവര്‍ത്തികള്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന്റെ നേതൃത്വത്തില്‍ 40 ദിവസങ്ങള്‍ കൊണ്ട് സമയബന്ധിതമായി പൂര്‍ത്തിയാക്കുകയായിരുന്നു. 50 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച ഓഫീസില്‍ 25 ഓളം ജീവനക്കാര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ പ്രവേശനഭാഗത്തായി സ്ഥാപിച്ച അന്വേഷണങ്ങള്‍ക്കായുള്ള ഫ്രണ്ട് ഓഫീസും ഇതോടനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ബിനുമോള്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സുരേഷ്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
