കാര്‍ഷിക മേഖലയ്ക്ക് നേട്ടമാവാന്‍ റൈസ് ടെക്നോളജി പാര്‍ക്ക്
സംസ്ഥാനത്തെ നെല്ല് മൂല്യവര്‍ദ്ധിത ഉത്പന്നമാക്കുക വഴി നെല്‍കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കുക ലക്ഷ്യമിട്ട് പാലക്കാട്, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളില്‍ റൈസ് ടെക്നോളജി പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വ്യവസായ-കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും മൂന്ന് കേന്ദ്രങ്ങളിലായി സംഭരി്ക്കുമെന്നും തവിട്-ഉമി എന്നിവ കൂടുതല്‍ ഉല്‍പാദനശേഷിയുള്ള മുല്യവര്‍ദ്ധിത ഉല്‍പനങ്ങളാക്കി വിദേശ രാജ്യങ്ങളില്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ നടന്ന റൈസ് ടെക്നോളജി പാര്‍ക്ക് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ രൂപീകരിക്കുന്ന മൂന്ന് റൈസ് പാര്‍ക്കുകളിലെയും 26 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കും. റൈസ് ടെക്നോളജി പാര്‍ക്കില്‍ സംഭരിക്കുന്ന നെല്ല് അരിയാക്കി സപ്ലൈകോ, കണ്‍സൂമര്‍ ഫെഡികളിലൂടെ വിതരണം സാധ്യമാക്കും. പദ്ധതി വഴി നെല്‍കൃഷിക്ക് പ്രോത്സാഹനവും ഒപ്പം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 1.8 ലക്ഷം ഹെക്ടര്‍ നെല്‍കൃഷിയാണ് സംസ്ഥാനത്ത് ഉള്ളത്. അത് മൂന്ന് ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, മലമ്പുഴ ബ്ലേക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷൈജ, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിഥിന്‍ കണിച്ചേരി, ചിന്നസ്വാമി, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ കെ.എ.സന്തോഷ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി.രാജ്മോഹന്‍, ഡോ.ടി.ഉണ്ണികൃഷ്ണന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.