സിനുവിന് കൈത്താങ്ങായി ജില്ലാ പഞ്ചായത്ത്. വിധവയും മൂന്നു കുട്ടികളുടെ അമ്മയുമായ സിനു ഇനി ഓട്ടോ ഡ്രൈവറാകും. ജില്ലാ പഞ്ചായത്ത് സബ്സിഡിയോടെ നല്‍കുന്ന ഓട്ടോ മുതുതല സ്വദേശി സിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയില്‍ നിന്നും ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് ഓട്ടോ വിതരണം പദ്ധതി പ്രകാരമാണ് സിനുവിന് ഓട്ടോ ലഭിച്ചത് . പത്ത് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. 2.5 ലക്ഷം രൂപയാണ് ഒരു ഓട്ടോയുടെ ചെലവ്. ഇതില്‍ 70000 രൂപയാണ് ജില്ലാ പഞ്ചായത്തില്‍ നിന്നും സബ്സിഡിയായി നല്‍കുന്നത്. 13 പേര്‍ക്കാണ് ഓട്ടോ വാങ്ങാന്‍ ധനസഹായം നല്‍കുക. നിലവില്‍ സിനു, കുത്തനൂര്‍ സ്വദേശി പുഷ്പാവതി എന്നിവര്‍ക്കാണ് നല്‍കുന്നത്. ജില്ലാ വനിതാക്ഷേമ ഓഫീസര്‍ ജെ.പ്രമീളാകുമാരിയാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിച്ചത്. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.