ശുചിത്വ സന്ദേശം പകരുന്ന ഹരിത വിവാഹങ്ങൾക്ക് ജില്ലയിൽ പ്രിയമേറുന്നു. പൂർണ്ണമായി ഹരിത നിയമാവലി പാലിക്കുന്നതിനാൽ വിവാഹ ശേഷമുണ്ടാകുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾക്കും നിയന്ത്രണമുണ്ടാക്കാൻ കഴിഞ്ഞു. ഡിസ്പോസിബിൾ കവറുകൾ, പേപ്പർ കപ്പുകൾ തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറച്ചു പരിസ്ഥിതി സൗഹൃദമാക്കുകയാണ് ഹരിത വിവാഹങ്ങളിലൂടെ. കൽപ്പറ്റയിൽ അഖിൽ കൃഷ്ണയുടെയും ആതിരയുടെയും വിവാഹം ഹരിത നിയമാവലി പാലിച്ച് നടത്തിയതിന് ശുചിത്വമിഷൻ മാതൃകാപത്രം നൽകി ആദരിച്ചു. സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി.എൽ സാബു, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സഹദേവൻ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എ ജസ്റ്റിൻ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരായ എം.പി രാജേന്ദ്രൻ, എ.കെ രാജേഷ്, ടെക്നിക്കൽ കൺസൾട്ടന്റ് സാജിയോ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെകടർ കെ.ടി തുളസീധരൻ-ചന്ദ്രലേഖ, കെ.ടി രാജൻ-ലതിക ദമ്പതികളുടെ മക്കളാണ് മാതൃകാ വധൂവരൻമാർ.
