* വർധിപ്പിച്ച ആനുകൂല്യ വിതരണോദ്ഘാടനം നിർവഹിച്ചു
കെട്ടിട നിർമ്മാണ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ആനുകൂല്യങ്ങൾ നൽകാനും മാത്രമല്ല അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിനായതായി സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസിൽ കേരള നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് വർധിപ്പിച്ച ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാലയളവിനുള്ളിൽ കെട്ടിക്കിടന്ന ഫയലുകൾ തീർപ്പാക്കാനായത് ബോർഡിന്റെ മികച്ച പ്രവർത്തനത്തിന്റെ ഉദാഹരണമാണ്. തൊഴിലാളിക്ഷേമത്തിന് പ്രഥമ പരിഗണന നൽകുന്ന സർക്കാരാണ് ഇപ്പോഴുള്ളത്. പാവപ്പെട്ടവരെ പരിഗണിച്ചാണ് സർക്കാർ തീരുമാനങ്ങളെടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിലും എല്ലാ ക്ഷേമബോർഡുകളിലേയും ആനുകൂല്യങ്ങൾ വർധിപ്പിക്കാനായിട്ടുണ്ട്.
ക്ഷേമബോർഡ് വഴിയുള്ള ക്യാൻസർ ചികിത്സാ ധനസഹായം 50,000 രൂപയിൽ നിന്നും ഒരു ലക്ഷം രൂപയാക്കി. അംഗങ്ങളുടെ മരണാനന്തര ചെലവുകൾക്കുള്ള ധനസഹായവും കണ്ണ് ഓപ്പറേഷൻ, പേവിഷബാധ, പാമ്പുകടി, ചിക്കൻ പോക്‌സ് തുടങ്ങിയവയ്ക്ക് നൽകുന്ന ധനസഹായവും 2000 ൽ നിന്നും 4000 രൂപയായി ഉയർത്തി.  ബജറ്റിൽ ബോർഡിൽ സജീവാംഗത്വമുള്ള തൊഴിലാളികളുടെ സാധാരണ മരണ ധനസഹായം 50000 രൂപയായും അപകട മരണ ധനസഹായം നാല് ലക്ഷം രൂപയായും വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ചടങ്ങിൽ ബോർഡ് ചെയർമാൻ കെ. വി. ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. എസ്. ബിജു, തൊഴിലാളി യൂണിയൻ നേതാക്കളആയ കെ. പി. സഹദേവൻ, ആർ. ചന്ദ്രശേഖരൻ, വിജയൻ കുനിശ്ശേരി, സലീം തെന്നിലാപുരം, മാഹീൻ അബൂബക്കർ, ബോർഡ് അംഗങ്ങളായ തിരുവല്ലം ശിവരാജൻ, ഗ്രേസി സതീഷ്, ജനാർദ്ദനൻ നായർ പി.എസ്. കബനി തുടങ്ങിയവർ സംസാരിച്ചു.