കുട്ടികളില്‍ വിശാലമായ വായന വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ തെരഞ്ഞെടുത്ത 100 വായനശാലകള്‍ക്ക് ബാലസാഹിത്യകൃതികള്‍ വിതരണം ചെയ്തു. മൊത്തം 10 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ബാലസാഹിത്യകൃതികള്‍ക്ക് പുറമെ കുട്ടികള്‍ക്കായുള്ള ശാസ്ത്ര പുസ്തകങ്ങള്‍, നിഘണ്ടുകള്‍ എന്നിങ്ങനെ ഓരോ ലൈബ്രറിക്കും 120 എന്ന കണക്കില്‍ 12000 പുസ്തകങ്ങളാണ് നല്‍കിയത്. ഒരു വായനശാലയ്ക്ക് 10000 രൂപയുടെ പുസ്തകങ്ങളാണ് കൈമാറിയത്.
ഇ-റീഡിങിലേക്ക് മാറിയ പുതിയ തലമുറയെ വായനയുടെ മാസ്മരിക ലോകത്തേക്കെത്തിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് വിതരണോദ്ഘാടനം നിര്‍വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി പറഞ്ഞു. സമൂഹപുരോഗതിയില്‍ ഗ്രാമീണ വായനശാലകളുടെ പങ്ക് വളരെ വലുതാണ്. ലൈബ്രറി കൗണ്‍സിലിന്റെ വളര്‍ച്ചയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സഹകരണം ഉറപ്പാക്കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്തിനു കീഴില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ലൈബ്രറികളിലേക്കും പദ്ധതി വ്യാപിപ്പിച്ച് ലൈബ്രറികളില്‍ കുട്ടികളുടെ കോര്‍ണര്‍ രൂപീകരിക്കും. സാഹിത്യാഭിരുചി, ചരിത്രവീക്ഷണം എന്നിവ കുട്ടികളില്‍ വളര്‍ത്താന്‍ ഉതകുന്ന തരത്തിലുള്ള പുസ്തകങ്ങളാണ് തിരഞ്ഞെടുത്ത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ബിനുമോള്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ്, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.സുധാകരന്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കാസിം മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
