പതിനെട്ടു വയസ്സു പൂർത്തിയായവർക്ക് രാജ്യം നൽകുന്ന ഏറ്റവും വലിയ അംഗീകാരമാണ് വോട്ടവകാശമെന്ന് ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു. പുതുവോട്ടർമാരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ സംഘടിപ്പിച്ച ഇലക്ഷൻ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തിൽ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നത് വോട്ടർമാരാണ്. തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ആഘോഷമാണ്. ജില്ലയിലെ മുഴുവൻ വോട്ടർമാരും സമ്മതിദായക അവകാശം ഫലപ്രദമായി വിനിയോഗിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു. വോട്ട് ചെയ്യാൻ ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് സമ്മതിദായകാവകാശം ഉറപ്പാക്കാൻ സൗകര്യമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരവധി പുതുമകൾ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രക്രീയയിലുണ്ട്. വോട്ടിങ് മെഷിനൊപ്പം സുതാര്യത ഉറപ്പാക്കാൻ വോട്ടർ വെരിഫിയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്) സംവിധാനം, തെരഞ്ഞെടുപ്പ് ചട്ടലംഘനം തടയാൻ സി-വിജിൽ മൊബൈൽ ആപ്, തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും രാഷ്ട്രീയ പാർട്ടികൾക്ക് അനുമതിക്കായി സുവിധ ആപ് എന്നിവ പ്രധാന പ്രത്യേകതകളാണ്. സി-വിജിൽ ആപ് മുഖേന നൽകുന്ന പരാതികളിൽ 100 മിനുട്ട് കൊണ്ട് നടപടിയുണ്ടാകും. സുവിധ ഓൺലൈൻ ആപ്ലീക്കേഷൻ വഴി തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പൊതുപരിപാടികൾക്കും മറ്റും സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ വിവിധ അനുമതികൾ ലഭ്യമാക്കാനും സൗകര്യമുണ്ട്. സുപ്രീംകോടതി വിധിപ്രകാരം നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സ്ഥാനാർത്ഥികളുടെ നിലവിലുള്ള കേസുകളുടെ വിശദവിവരങ്ങൾ മൂന്നു പ്രാവശ്യം പ്രധാനപ്പെട്ട ദിനപത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതകളാവുന്നു.
ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വോട്ടിങ് ഉപകരണം, വിവിപാറ്റ് സംവിധാനം എന്നിവയിൽ പരിശീലന ക്ലാസ് നൽകി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ. റംല, ഇലക്ഷൻ ഉദ്യോഗസ്ഥരായ ഇ. സുരേഷ് ബാബു, എൻ.ഐ ഷാജു, ഉമ്മറലി പാറച്ചോടൻ തുടങ്ങിയവർ പങ്കെടുത്തു.