ലോകസഭ തെരഞ്ഞെടുപ്പിൽ ഹരിത നിയമാവലി കർശനമാക്കി മാതൃകയാവാൻ ഒരുങ്ങി വയനാട് ജില്ല. ജില്ലാ കളക്ടർ എ.ആർ അജയ കുമാറിന്റെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ചു നടന്ന യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഫ്‌ളക്‌സ് ബോർഡുകൾ നേരത്തെ തന്നെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ജില്ലയിലെ പോളിങ് ബൂത്തുകളിലടക്കം പ്ലാസ്റ്റിക്ക് വെള്ളക്കുപ്പി, ബോൾപെൻ തുടങ്ങിയവ പൂർണ്ണമായി ഒഴിവാക്കും. പകരം കുടിവെള്ള കിയോസ്‌ക്കുകൾ, തുണിബാനർ, പേപ്പർ ബാനർ, ഓല, പേപ്പർ പേന, പെൻസിൽ, പേപ്പർ ഐഡി കാർഡുകൾ തുടങ്ങിയ പ്രകൃതി സൗഹൃദ മാർഗ്ഗങ്ങൾ സ്വീകരിക്കും. ഭക്ഷണത്തിന് വാഴയിലയും കഴുകി ഉപയോഗിക്കാവുന്ന സ്റ്റീൽ പാത്രങ്ങളും ഉപയോഗിക്കാം. പ്രളയാനന്തരം ജില്ലയിൽ നിന്നും ടെൺ കണക്കിന് അജൈവ്യ മാലിന്യങ്ങൾ ശേഖരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹരിത ചട്ടം കർശനമാക്കി ലോകസഭ തെരഞ്ഞെടുപ്പും പ്രകൃതി സൗഹൃദമാക്കാൻ തീരുമാനം. പൊതുജന പങ്കാളിത്തത്തോടെ ഹരിത തെരഞ്ഞെടുപ്പിനുള്ള ഒരുക്കുങ്ങൾ നടപ്പാക്കാനാണ് ലക്ഷ്യം. സോഷ്യൽ മീഡിയ വഴിയും പ്രചരണം ശക്തമാക്കും. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് കർമ്മ പദ്ധതി തയ്യാറാക്കിയത്.
ഇതോടൊപ്പം രാത്രി 10 മുതൽ രാവിലെ ആറുവരെ ലൗഡ് സ്പീക്കർ ഉപയോഗവും നിരോധിച്ചിട്ടുണ്ട്. പകൽ സമയം ഇലക്ഷൻ കമ്മീഷൻ നിബന്ധനകൾക്ക് വിധേയമായി ശബ്ദം ഉപയോഗിക്കാം. ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അന്വേഷിച്ച് കർശന നടപടി സ്വീകരിക്കും. ഇതിനായി വിവിധ സ്വാഡുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഇലക്ഷൻ ഓഫീസറും വയനാട് പാർലമെന്റ് മണ്ഡലം റിട്ടേണിങ് ഓഫീസറും കൂടിയായ ജില്ലാ കളക്ടർ എ.ആർ അജയകുമാർ അറിയിച്ചു. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് വിജയൻ ചെറുകര, കെ.എഫ് റഫീക്ക്, എം.എ ജോസഫ്, എൻ.കെ റഷീദ് എന്നിവരും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ. റംല, സീനിയർ സുപ്രണ്ട് ഇ. സുരേഷ് ബാബു, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ പി.എ ജസ്റ്റിൻ, അസിസ്റ്റന്റ് കോർഡിനേറ്റർ എം.പി. രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
