ആലപ്പുഴ: പരിസ്ഥിതിക്കും ആരോഗ്യത്തിനും ഭീഷണിയാകുന്ന പ്ലാസ്റ്റിക്ക്, ഡിസ്‌പോസിബിൾ വസ്തുക്കൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചരണം സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ. കഴിഞ്ഞ നാലിന് തിരഞ്ഞെടുപ്പു കന്നിഷനും 11ന് ഹൈക്കോടതിയും പ്രകൃതി സൗഹാർദമാകണം തിരഞ്ഞെടുപ്പെന്നു ഉത്തരവു നൽകിയിരുന്നു.
തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ബോർഡുകൾ, തോരണങ്ങൾ, ബാനറുകൾ, പോസ്റ്ററുകൾ, കട്ടൗട്ടുകൾ എല്ലാം പ്രകൃത സൗഹൃദമായ തുണി, പേപ്പറുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിക്കേണ്ടതാണ്. പ്ലാസ്റ്റിക്, പിവിസി എന്നിവ ഉപയോഗിച്ച് പ്രചരണ സാമഗ്രികൾ ഒരുകാരണവശാലും നിർമ്മിക്കരുത്. തിരഞ്ഞെടുപ്പ് ഓഫീസുകൾ അലങ്കരിക്കുന്നതിന് പ്രകൃതി ദത്ത വസ്തുക്കൾ ഉപയോഗിക്കുക, ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യുമ്പോൾ ഹരിതനിയമാവലി പാലിക്കുക. ഡിസ്‌പോസിബിൾ പാത്രങ്ങൾ ഒഴിവാക്കുക. കുടിവെളള വിതരണത്തിന് ബബിൾ ടോപ്പ് ഡിസ്‌പെൻസറുകൾ ഉപയോഗിക്കുക എന്നീ നിർദേശങ്ങളും ജില്ല കളക്ടർ മുന്നോട്ടുവച്ചു.
രാഷ്ട്രീയ പ്രതിനിധികളുടെ യോഗം
ആലപ്പുഴ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പ്രതിനിധികളുടെ യോഗം ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ വിളിച്ചുചേർത്തു. പൂർണമായും ഹരിതചട്ടം പാലിച്ച തിരഞ്ഞെടുപ്പിന് സഹകരണം അഭ്യർഥിച്ച കളക്ടർ ഫ്‌ളക്‌സ് ബോർഡുകൾക്ക് പകരം തുണിയോ പേപ്പറോ ഉപയോഗിക്കണമെന്നു നിർദേശിച്ചു. സർക്കാർ ഓഫീസുകളുടെ ചുവരുകളോ, സംവിധാനങ്ങളോ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും കർശന നിർദ്ദേശം നൽകി.
ഇന്ത്യയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ് ആദ്യമായാണ് എല്ലാ ബൂത്തുകളിലും വി.വി പാറ്റ് മെഷീനുകൾ ഉപയോഗിക്കുന്നതെന്ന് ഐ.ടി കോർഡിനേറ്റർ എസ്.ഷിബു പറഞ്ഞു.ഇതിന്റെ ഭാഗമായി വി.വിപാറ്റ് മെഷീനുകളുടെ പ്രവർത്തന മാതൃകയും രാഷ്ട്രീയ പ്രതിനിധികളെ കാണിച്ചു. ഇലക്ഷൻ ദിവസം 50 മോക് പോളെങ്കിലും ചെയ്യണമെന്നും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും സ്ഥാനാർഥി സ്വന്തം പേരിൽ അക്കൗണ്ട് തുറക്കണം. പിന്നീട് എല്ലാ പണമിടപാടുകളും ഈ അക്കൗണ്ട് വഴിയായിരിക്കണമെന്ന് ഫിനാൻസ് ഓഫീസർ രജികുമാർ അറിയിച്ചു. ഇത് അവലോകനം ചെയ്യാൻ നിഴൽ നിരീക്ഷണ രജിസ്റ്ററുമുണ്ടാകും. വ്യാഴാഴ്ച വൈകിട്ട് നാലിന് വീണ്ടും യോഗം ചേരും.